ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും 5 ലക്ഷം രൂപയുടെ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും സ്വർണ്ണം തട്ടിയടക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശി പ്രവീണ്‍, നെടുമങ്ങാട് സ്വദേശി ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഈ വർഷം ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്ലികേഷനായ ഷെയർ ചാറ്റിലൂടെയാണ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പ്രവീൺ പരിചയപ്പെടുന്നത് തുടർന്ന് ഇരുവരും തമ്മിൽ അടുക്കുകയും ഷെയർ ചാറ്റ് ബന്ധം വാട്സാപ്പ് വഴി ദൃഢമാകുകയുമായിരുന്നു.

പിന്നീട് ഒരു ദിവസം പ്രവീൺ സുഹൃത്തായ ശ്യാമിനൊപ്പം പെൺകുട്ടിയുടെ കാണാനെത്തുകയും ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. നിരവധി തവണ ഇത്തരത്തിൽ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. ഇതിനിടെ പലകാര്യങ്ങളും പറഞ്ഞ് പെൺകുട്ടിയുടെ കയ്യിൽ നിന്നും അഞ്ച് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തു.

അപകടം ഉണ്ടായി എന്നും അതിനാൽ പണത്തിന് ആവശ്യമുണ്ടെന്നും പറഞ്ഞാണ് പ്രവീണും ശ്യാമും ചേർന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. സ്വർണാഭരണങ്ങൾ കാണാത്തതിനാൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനമടക്കമുള്ള വിവരം മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് മാള പോലീസിൽ പരാതി നൽകുകയായിരുന്നു.

സൈബർ സെല്ലിൻറെ സഹായത്തോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. സ്വർണാഭരണങ്ങൾ വിറ്റ് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇരു പ്രതികളും. ഇത്തരത്തിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്. പ്രവീണിന്റെ മൊബൈലിൽ നിന്നും നിരവധി പെൺകുട്ടിളുടെ ചിത്രങ്ങൾ പോലീസ് കണ്ടെത്തി.