കഴക്കൂട്ടത്ത് എന്ത് കൊണ്ട് ദേശീയ നേതാക്കൾ എത്തുന്നില്ല ; ശോഭ സുരേന്ദ്രൻ ദയനീയമായി പരാജയപ്പെടുമെന്ന് കടകംപള്ളി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ പരാജയപ്പെടുമെന്ന് സിപിഎം സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. ബിജെപി സ്ഥാനാർത്ഥിയെ കാത്തിരിക്കുന്നത് ദയനീയ പരാജയമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും താല്പര്യമില്ലാത്ത സ്ഥാനാർത്ഥിയാണ് ശോഭ സുരേന്ദ്രനെന്നും അത് കൊണ്ടാണ് കേന്ദ്ര നേതാക്കൾ ആരും തന്നെ ശോഭാ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് എത്താത്തതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഏപ്രിൽ 6 ന് കഴക്കൂട്ടത്ത് നിന്ന് ശോഭ സുരേന്ദ്രന് പോകാമെന്നും അതിന് മുൻപ് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമം നടത്തുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇത് കഴക്കൂട്ടമാണ് അവർ ജനിച്ച് വളർന്ന നാടല്ല. ബിജെപി നേതൃത്വങ്ങൾക്ക് പോലും ഇഷ്ടമല്ലാത്ത സ്ഥാനാർത്ഥിയാണ് ശോഭ സുരേന്ദ്രനെന്ന് ദേശിയ നേതാക്കൾ കഴക്കൂട്ടത്ത് എത്തത്തതിൽ നിന്നും വ്യക്തമാണെന്നും കടകംപള്ളി സുരേന്ദ്രൻ പരിഹസിച്ചു.

അതേസമയം ഇന്നലെ രാത്രി തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന ശോഭ സുരേന്ദ്രൻ അടക്കമുള്ള ബിജെപി പ്രവർത്തകരെ സിപിഎം ഗുണ്ടകൾ ആക്രമിച്ചു. ആക്രമിച്ച ശേഷം അക്രമി സംഘം സിപിഎം ഓഫീസിൽ കയറി ഒളിക്കുകയായിരുന്നു. തുടർന്ന് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ സിപിഎം ഓഫീസ് ഉപരോധിക്കുകയും സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് അക്രമി സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പരാജയ ഭീതി മൂലം സിപിഎം അക്രമം അഴിച്ചു വിടുകയെന്നെന്നും കണ്ണൂർ മോഡൽ കഴക്കൂട്ടത്തും നടത്തുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.