തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസ്ഥാന സർക്കാർ ഇന്ന് കോടതിയെ സമീപിക്കും

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയെ തുടർന്ന് അരി വിതരണം തടഞ്ഞ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം അരിവിതരണം നടത്തുന്നത് ചട്ടലംഘനമെന്ന് ചൂണ്ടി കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും തുടർന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് അരിവിതരണം തടയുകയും ചെയ്തിരുന്നു.

അതേസമയം തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ അരിവിതരണം നടത്താനുള്ള ഉത്തരവ് ഇറങ്ങിയതാണെന്ന് സർക്കാർ ഇന്ന് കോടതിയെ ധരിപ്പിക്കും. ബഡ്ജറ്റിൽ പ്രഖ്യാപിച്ച അരിയാണ് വിതരണം ചെയ്യുന്നതെന്നും ഇതിനും മുൻപും ഇത്തരത്തിൽ വിതരണം നടന്നിട്ടുണ്ടെന്നാണ് സർക്കാർ വാദിക്കുന്നത്.നീല,വെള്ള കാർഡ് ഉടമകൾക്കുള്ള 15 രൂപയ്ക്ക് പത്ത് കിലോ അരി നൽകാനുള്ള നീക്കമാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്.

സർക്കാർ അരിവിതരണത്തിനുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അരി വിതരണം ബോധപൂർവ്വം വൈകിപ്പിക്കുകയായിരുന്നു. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അരി വിതരണം വൈകിപ്പിച്ചതെന്ന് പ്രതിപക്ഷം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു