ശബരിമല കേരളത്തിന്റെ വിഷയമല്ല ; ശബരിമല ചോദ്യങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമലയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. തലശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ നിയന്ത്രണം വിട്ടത്. ശബരിമലയെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദ്യം ചോദിച്ചപ്പോൾ ” ശബരിമല ശബരിമല എന്ന് പറഞ്ഞ് കൊണ്ടിരുന്നാൽ വോട്ടിങ്ങനെ അടർന്ന് വരുമെന്ന് മാധ്യമ പ്രവർത്തകർ കരുതേണ്ട” എന്ന് മുഖ്യമന്ത്രി ദേഷ്യത്തോടെ മറുപടി പറയുകയായിരുന്നു.

മാധ്യമ പ്രവർത്തകർക്ക് ശബരിമല വിഷയം ഉയർത്തികൊണ്ട് വരാൻ ആഗ്രഹമുണ്ട് പക്ഷെ ഉയർന്ന് വരുന്നുണ്ടോ ?. കിണഞ്ഞ് പരിശ്രമിച്ചിട്ടും നാട് അത് സ്വീകരിക്കുന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ശബരിമല കൊണ്ട് തദ്ദേശ തെരെഞ്ഞെടുപ്പിൽ എന്തെങ്കിലും ഗുണം കിട്ടിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ശബരിമല വിഷയം ഉയർത്തുന്ന മാധ്യമങ്ങൾ അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല ഇപ്പോൾ കേരളത്തിന്റെ വിഷയമല്ലെന്നും അത് വിഷയമാക്കിയവർക്ക് നേട്ടമൊന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണം ബിജെപിക്ക് വേണ്ടപെട്ട മാധ്യമ പ്രവർത്തകനിലെത്തിയപ്പോൾ അന്വേഷണം അവസാനിപ്പിച്ചെന്നും ഇപ്പോൾ നടക്കുന്നത് സ്പീക്കറെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം കേരളത്തിന് തരുന്ന ഭക്ഷ്യ ധാന്യങ്ങൾ കേരളത്തിന് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.