സിദ്ദിഖിനോടും ആശാ ശരത്തിനോടുമാണ്, ആറാം തീയതി ബൂത്തിൽ ചെന്നാൽ വരുൺ പ്രഭാകരനെ കാണാമെന്ന് ശ്രീജിത്ത് പണിക്കർ

സംസ്ഥാനത്ത് ഇരട്ട വോട്ടുകൾക്ക് പിന്നാലെ മരിച്ചവരുടെ വോട്ടുകളും കണ്ടെത്തി. ടിപി വധക്കേസ് പ്രതി മരിച്ച കുഞ്ഞനന്തനും വോട്ടർ പട്ടികയിൽ ഉള്ളതായി കണ്ടെത്തി. വർഷങ്ങൾക്ക് മുൻപ് മരിച്ച നിരവധി ആളുകളുടെ പേര് വോട്ടർ പട്ടികയിൽ ഉള്ളതായാണ് വിവരം. മരണപ്പെട്ട ടിപി വധക്കേസ് പ്രതിക്ക് വോട്ട് ഉള്ളതിന്റെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. സിദിഖിനോടും ആശ ശരത്തിനോടും ഈ മാസം ആറാം തീയതി രാവിലെ തൊടുപുഴ പോലീസ് സ്റ്റേഷന് സമീപമുള്ള ഏഴാം ബൂത്തിൽ ചെന്നാൽ കൊല്ലപ്പെട്ട വരുൺ പ്രഭാകർ വോട്ട് ചെയ്യുന്നത് കണമെന്നാണ് ശ്രീജിത് പണിക്കർ പറയുന്നത്. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

സിദ്ദിഖിനോടും ആശാ ശരത്തിനോടുമാണ്. ആറാം തീയതി രാവിലെ ഏഴു മണിയോടെ തൊടുപുഴ പോലീസ് സ്റ്റേഷന് സമീപമുള്ള ഏഴാം നമ്പർ ബൂത്തിൽ ചെന്നാൽ തലയ്ക്ക് അടിയേറ്റ് തട്ടിപ്പോയ നിങ്ങളുടെ വരുൺ പ്രഭാകർ വോട്ട് ചെയ്യാൻ വരുന്നത് കാണാം. അപ്പോൾ പിന്നെ മോഹൻലാൽ നിങ്ങൾക്ക് തന്ന എല്ലിൻകൂട്ടം ആരുടേതാ എന്നൊരു സംശയം ഉണ്ടാകും. ജിത്തു ജോസഫിനോട് പറഞ്ഞാൽ അതിയാൻ അടുത്ത ദൃശ്യം വഴി അതിനൊരു പരിഹാരം ഉണ്ടാക്കിത്തരും.

രാമപുരം നാലാം നമ്പർ ബൂത്തിൽ കീരിക്കാടൻ ജോസ്, കോട്ടയം ഒൻപതാം നമ്പർ ബൂത്തിൽ ആനക്കാട്ടിൽ ഈപ്പച്ചൻ, പുലിയൂർ പതിനൊന്നാം നമ്പർ ബൂത്തിൽ ഡാഡി ഗിരിജ എന്നിവരെയും പ്രതീക്ഷിക്കുന്നു. നിങ്ങൾ പ്രതീക്ഷിക്കുന്നവരുടെ പേരും, സ്ഥലവും, ബൂത്ത് നമ്പരും സഹിതം കമന്റ് ചെയ്യൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ.