പാർട്ടിയാണ് ക്യാപ്റ്റൻ ; പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി പി ജയരാജൻ

കണ്ണൂർ : പിണറായി വിജയനെ ക്യാപ്ടനായി ഉയർത്തികാണിക്കുന്നതിനെതിരെ വിമർശനവുമായി പി ജയരാജൻ രംഗത്ത്. തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്ടൻ എന്ന് വിശേഷിപ്പിച്ച് പരസ്യങ്ങളും ബാനറുകളും ഉയർത്തിയിരുന്നു. എന്നാൽ പാർട്ടിയിലുള്ളവർ എല്ലാവരും സഖാക്കൾ ആണെന്ന് പി ജയരാജൻ പറഞ്ഞു. വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല കമ്മ്യൂണിസ്റ്റ് നേതാക്കളെന്നും, പാർട്ടിയും ഇടത്പക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും പി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നേരത്തെ പി ജയരാജന്റെ പേരിൽ പാട്ട് ഇറങ്ങുകയും അതിനെതിരെ പിണറായി വിജയൻ രംഗത്ത് വരികയും ചെയ്തിരുന്നു. പാർട്ടിയിൽ വ്യക്തി പൂജ പറ്റില്ലെന്ന നിലപാടാണ് പിണറായി വിജയൻ അന്ന് സ്വീകരിച്ചത്. കൂടാതെ പാട്ട് ഇറങ്ങിയതിനെ തുടർന്ന് പി ജയരാജനെതിരെ പാർട്ടി നടപടിയെടുക്കുകയും ചെയ്തിരുന്നു.

പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല.

സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്ക’ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

അഭിപ്രായം രേഖപ്പെടുത്തു