ക്യാപ്റ്റൻ അല്ല പിണറായി ലീഡർ മാത്രം ; വിശദീകരണവുമായി പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനായി വിശേഷിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പി ജയരാജൻ രംഗത്ത് വന്നിരുന്നു. പാർട്ടിയാണ് ക്യാപ്റ്റനെന്നും കമ്മ്യൂണിസ്റ്റുകാർ വ്യക്തി പൂജയിൽ അഭിരമിക്കുന്നവരല്ലെന്നും പി ജയരാജൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ചതിനെതിരെ പാർട്ടിയിൽ ഭിന്നതയുണ്ടായതോടെ വിഷയത്തിൽ വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് പി ജയരാജൻ.

താൻ കൂടി ഭഗവാക്കായാണ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത്. എൽഡിഎഫ് ഒറ്റ മനസോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ദിവസത്തെ തന്റെ വാക്കുകൾ മാധ്യമങ്ങൾ ദുരുപയോഗം ചെയ്‌തെന്നും പി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. സഖാവ് പിണറായി വിജയൻ ടീം ലീഡർ ആണെന്നും പി ജയരാജൻ പറഞ്ഞു. പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കാതെ ലീഡർ എന്ന് വിശേഷിപ്പിച്ചാണ് പി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ;

ഇന്നലത്തെ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങൾ ദുരുദ്ദേശപരമായാണ് ചർച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്.
എൽഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്ഥികളെയാണ് അണിനിരത്തിയത്.
അതിന്റെ ടീം ലീഡറാണ് സ:പിണറായി.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും ,നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നൽകിയ പിണറായിക്കെതിരെ കേന്ദ്ര സർക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞതാണ്.

സ്വാഭാവികമായും പിണറായിയോട് ജനങ്ങൾ ആദരവും സ്നേഹവായ്‌പും പ്രകടിപ്പിക്കും.ഇതിൽ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല.ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണ്. പാർട്ടി എന്നെ ഒതുക്കിയെന്നും,സ്ഥാനാർത്ഥിത്വം നൽകാത്തതിൽ ജനങ്ങളിൽ അതൃപ്തി ഉണ്ടെന്നും കെ സുധാകരൻ പ്രതികരിച്ചു കണ്ടു.കോൺഗ്രസ്സ് സ്ഥാനാർഥി പട്ടികയിൽ തനിക്കുള്ള നൈരാശ്യം സുധാകരൻ തന്നെ പരസ്യമാക്കിയതാണ്.അത് മറ്റുള്ളവരുടെ ചുമലിൽ കെട്ടിവെക്കണ്ടതില്ല. സിപിഐഎം സ്ഥാനാർഥി പട്ടിക അംഗീകരിച്ചത് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചാണ്.

എല്ലാ തീരുമാനങ്ങളിലും ഞാനും ഭാഗഭാക്കാണ്.അതനുസരിച്ച് എൽഡിഎഫിന്റെ ഭരണത്തുടർച്ചയ്ക്കായി ഞങ്ങൾ എല്ലാവരും പ്രവർത്തിക്കുകയാണ്. പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും.
വലതുപക്ഷ മാധ്യമങ്ങളടക്കം നടത്തിയ എല്ലാ സർവ്വേ റിപ്പോർട്ടുകളിലും പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചിച്ച സാഹചര്യത്തിൽ ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം.ഇത് വിജയിക്കില്ല.

അഭിപ്രായം രേഖപ്പെടുത്തു