പെരിയ ഇരട്ട കൊലപാതകം ; കൊന്ന പാപം തെളിയാതിരിക്കാൻ പിണറായി സർക്കാർ ചെലവാക്കിയത് 90 ലക്ഷം രൂപ

കാസർഗോഡ് : പെരിയയിൽ കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയത് 90 ലക്ഷം രൂപ. വിവരാവകാശ നിയമ പ്രകാരം പുറത്ത് വന്ന രേഖയിലാണ് ഇക്കാര്യം പറയുന്നത്. ഇരട്ട കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് കോടതി വിധി പുറപ്പെടുവിച്ചിരുന്നു ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ 90 ലക്ഷം രൂപ ഉപയോഗിച്ച് കോടതിയിൽ നിയമ പോരാട്ടം നടത്തിയത്.

കേസിൽ മൂന്ന് അഭിഭാഷകരാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത്. ഇവർക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നൽകിയത്. അഭിഭാഷകരുടെ താമസം,ഭക്ഷണം,വിമാനയാത്ര എന്നിവയ്ക്കായി മൂന്ന് ലക്ഷത്തോളം രൂപയാണ് ചിലവ് വന്നിരുന്നത്. സിപിഎം പ്രതിസ്ഥാനത്ത് വന്ന കേസിൽ നിന്നും തടിയൂരാൻ വേണ്ടിയാണ് സർക്കാർ ഖജനാവിൽ നിന്നും പിണറായി സർക്കാർ 90 ലക്ഷം രൂപ ചിലവാക്കിയത്.

കാസർഗോഡ് കല്ല്യോട്ട് വച്ച് 2019 ഫെബ്രുവരി 17 നാണ് കോൺഗ്രസ്സ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം ഹർജി നൽകുകയും കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം തടയാൻ ആവിശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു.