സംസ്ഥാനത്തെ പോലീസ് ആർഎസ്എസ് ന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ

RSS volunteers. (File Photo: IANS)

തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടത്ത് ബിജെപി ,സിപിഎം സംഘർഷം. കാട്ടായിക്കോണത്ത് രാവിലെ ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. രാവിലത്തെ സംഭവത്തിന്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്. സംഘർഷം നടത്തിയ സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വോട്ടിംഗ് സ്തംഭിപ്പിക്കാൻ വേണ്ടിയാണ് ബിജെപി അക്രമം അഴിച്ചു വിടുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് ആർഎസ്എസ് ന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിന് പകരം പ്രദേശവാസികളെയാണ് അറസ്റ്റ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ബിജെപി ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവർത്തകരാണ് മർദ്ധിച്ചതെന്ന് ബിജെപി പറയുന്നു. ബൂത്ത് ഏജന്റ്മാരായി ഇരുന്ന പെൺകുട്ടികളെ രാവിലെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. ബിജെപിയുടെ പരാതിയിൽ രാവിലെ പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്തിരുന്നു. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ സംഭവ സ്ഥലം സന്ദർശിച്ചു. മന്ത്രി കടകംപള്ളിയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയാണെന്ന് ശോഭസുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ അഞ്ച് പരാതികൾ നേരത്തെ നല്കിയിട്ടുള്ളതായും ശോഭസുരേന്ദ്രൻ പറഞ്ഞു.