സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ഹോട്ടൽ മുറിയിലെത്തിക്കും,കാര്യ സാധ്യത്തിന് ശേഷം തടിതപ്പും ; ഭാര്യയും ഭർത്താവും അറസ്റ്റിൽ

എറണാകുളം : സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ തട്ടിപ്പിനിരയാക്കുന്ന ഭാര്യയും ഭർത്താവും അറസ്റ്റിൽ. തൃപ്പുണിത്തുറ ഏരൂർ സ്വദേശികളായ ഗോകുലും,ആതിരയുമാണ് അറസ്റ്റിലായത്. അഭിനയമോഹവുമായി നടക്കുന്ന പെൺകുട്ടികളെ സിനിമയിലും സീരിയലിലും അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടൽ റൂമിലേക്ക് വിളിച്ച് വരുത്തുകയും തുടർന്ന് ബോധരഹിതയാക്കി തട്ടിപ്പ് നടത്തുകയുമാണ് ഇവരുടെ രീതി.

കഴിഞ്ഞ ദിവസം സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തിയ പെൺകുട്ടിയെ കലൂരിൽ വച്ച് ബലമായി കാറിൽ കയറ്റുകയും. തുടർന്ന് ഭീഷണിപ്പെടുത്തി അഞ്ച് പവൻ സ്വര്ണാഭരണവും,ഇരുപതിനായിരം രൂപയും തട്ടിയെടുക്കുകയായിരുന്നു. പണം തട്ടിയതിന് ശേഷം പെൺകുട്ടിയെ പാലാരിവട്ടത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആതിരയും,ഗോകുലിനും പുറമെ ഇവരുടെ സുഹൃത്തായ ടാക്സി ഡ്രൈവറും തട്ടിപ്പ് സംഘത്തിലുള്ളതായി പോലീസ് പറയുന്നു. സുഹൃത്തിന്റെ ടാക്സിയിലാണ് ഇവർ പെൺകുട്ടികളെ കയറ്റിക്കൊണ്ട് പോകുന്നത്. പ്രതികൾ അറസ്റ്റിലായ ദിവസം സമാനമായ തരത്തിൽ മറ്റൊരു പെൺകുട്ടിയെ സംഘം തട്ടിപ്പിനിരയാക്കിയിരുന്നു.

പുതിയ സിനിമയിലേക്ക് അവസരം വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തുന്നത്. അതിനായി കാസ്റ്റിംഗ് കാൾ പോസ്റ്ററുകൾ വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് അയച്ച് കൊടുക്കും. കാസ്റ്റിംഗ് കാൾ പോസ്റ്റർ കണ്ട് വിശ്വസിക്കുന്നവരെ എറണാകുളത്തിന്റെ ഏതെങ്കിലും ഭാഗത്ത് വരാൻ ആവിശ്യപെടും തുടർന്ന് ഭീഷണിപ്പെടുത്തും. ഭീഷണിയിൽ വഴങ്ങാത്തവരെ മയക്കി കിടത്തി ഹോട്ടലിലേക്ക് കൊണ്ട് പോയി തട്ടിപ്പ് നടത്തുകയാണ് ഇവരുടെ പതിവ്. നിരവധിപേരെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയതായാണ് പോലീസ്സ് പറയുന്നത്.