ആര് ജയിച്ചാലും ബിജെപി ജയിക്കരുതെന്ന് കരുതി പക്ഷെ ; ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ച സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ്സ്

ആലപ്പുഴ ; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി അധികാരം പിടിച്ച സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ്സ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാവിലെ മുതൽ ചെങ്ങന്നൂർ തൃപ്പെരുന്തുറ പഞ്ചായത്ത് ഭരണം ബിജെപി നേടിയത് കോൺഗ്രസ്സ് തെരെഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നത് കൊണ്ടാണെന്ന് വാർത്തകൾ വരുന്നു. എന്നാൽ സംഭവിച്ച കാര്യങ്ങൾ ജനങ്ങൾ അറിയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ BJP പ്രസിഡൻ്റ്, കോൺഗ്രസ്സ് വിട്ടു നിന്നു.
രാവിലെ മുതൽ വരുന്ന വാർത്തകളുടെ തലവാചകവും, സഖാക്കളുടെ ഫേസ് ബുക്ക് കുത്തിത്തിരിപ്പും കണ്ടാൽ ആർക്കായാലും സംശയം തോന്നും, കോൺഗ്രസ്സ് സഹായിച്ചത് കൊണ്ട് BJP ക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെ കിട്ടിയെന്ന്. ചെന്നിത്തലയെ സംഘപരിവാർ ചാപ്പ കുത്താൻ ഒരു ഐറ്റം കൂടി. എന്നാൽ വാർത്തയുടെ സത്യം ഒന്ന് അറിയണ്ടെ? ഇക്കഴിഞ്ഞ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ, ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ ആകെ സീറ്റ് 18. അതിൽ,UDF – 6, LDF – 5, NDA – 6, സ്വതന്ത്രൻ – 1.

എന്നാൽ സ്വതന്ത്രനെ കൂട്ടി ഭരിക്കാമെന്ന് കരുതിയാൽ, പ്രസിഡൻ്റ് സ്ഥാനം പട്ടിക ജാതി വനിതാ സംവരണമാണ്. ആ വിഭാഗത്തിൽ UDF ൽ നിന്ന് ആരും ജയിച്ചില്ല, LDF നും BJP ക്കും പട്ടിക ജാതി വനിതാ മെമ്പർ ഉണ്ട് താനും. ഇനിയുള്ള ദുഷ്ക്കരമായ ചോദ്യം ആരെ പിന്തുണയ്ക്കും എന്നതായിരുന്നു? രാഷ്ട്രീയ ഫാഷിസ്റ്റുകളായ LDF വേണോ, വർഗീയ ഫാഷിസ്റ്റായ BJP വേണോ എന്നതാണ്. കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ മതേതര കാഴ്ച്ചപ്പാടിന് പ്രാധാന്യം നല്കിയും, ആരു ജയിച്ചാലും BJP ജയിക്കരുത് എന്ന താല്പര്യത്തിലും, ഞങ്ങളുടെ കൂട്ടത്തിലെ ശുഹൈബിനെയും, ഷുക്കൂറിനെയും, ശരത്തിനെയും, കൃപേഷിനെയും, മൻസൂറിനെയും ഒക്കെ കൊന്നവരായിട്ട് കൂടി BJP വരാതിരിക്കുവാൻ ഞങ്ങൾ CPIM ന് വോട്ട് ചെയ്തു. CPIM ലെ വിജയമ്മ പഞ്ചായത്ത് പ്രസിഡൻ്റുണ്ടായി പക്ഷേ ചെന്നിത്തലയ്ക്ക് തെറ്റി.

പഞ്ചായത്തായാലും, പാർലമെൻ്റായാലും സംഘപരിവാർ പരാജയപ്പെടുന്നതിൽ മനസ് വേദനിക്കുന്ന, 1977 ലെ കൂത്തുപറമ്പ് MLA കൂടിയായ പിണറായി വിജയനാണ് അവരുടെ നേതാവ് എന്ന് ചെന്നിത്തല മറന്നു. CPIM പഞ്ചായത്ത് പ്രസിഡൻ്റ് രാജി വെച്ചു. രണ്ടാമത് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു, കോൺഗ്രസ്സ് വീണ്ടും CPIM ന് വോട്ട് ചെയ്തു അവർ പിന്നെയും BJP തോറ്റ വിഷമത്തിൽ രാജി വെച്ചു. മൂന്നാം തവണ വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ, കോൺഗ്രസ്സ് വിട്ടു നിന്നു. അല്ലാതെ ഞങ്ങളെന്തു ചെയ്യണമായിരുന്നു, BJP തോല്ക്കുന്നത് ഇഷ്ടമല്ലാത്ത CPIM നെ ഭീഷണിപ്പെടുത്തണമായിരുന്നോ? അതോ തിരഞ്ഞെടുപ്പ് സമയത്ത് ബോംബറിഞ്ഞ് എല്ലാവരെയും കൊന്നിട്ട്, ഉപതിരഞ്ഞെടുപ്പ് നടത്തണോ? അത് ഞങ്ങൾക്ക് പറ്റില്ല. ഇതെല്ലാം അറിഞ്ഞിട്ടും, രമേശ് ചെന്നിത്തലയുടെ സഹായത്തിൽ BJP ജയിച്ചു എന്ന് വ്യാജ വാർത്ത പരത്തുന്ന മീഡിയയിലെയും, സോഷ്യൽ മീഡിയയിലെയും സഖാക്കൾക്ക് നല്ല നമസ്കാരം. ഇതെല്ലാം കണ്ട് ഒറിജിനൽ സംഘി ആ ക്രൂരമായ ചിരി ചിരിക്കുന്നാണ്ടാകാം. യെനക്കറിയില്ല.

അഭിപ്രായം രേഖപ്പെടുത്തു