വനിത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ലോഡ്ജമുറിയിൽ മരിച്ച നിലയിൽ

ചോറ്റാനിക്കര: തൃശൂരിൽ പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തായ വനിതാ ഡോക്ടറെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി മഹേഷിനെയാണ് ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്തുള്ള ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി മഹേഷ് ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു. ഇന്നലെ മുറിയുടെ വാതിലുകൾ തുറക്കാത്തത് കണ്ടതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി മുറി തുറന്നപ്പോഴാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദേശത്തുണ്ടായിരുന്ന മഹേഷ് നാട്ടിലെത്തിയതിന് ശേഷം ഡോക്ടറായ സോനയോടൊപ്പം ബിസിനസ് നടത്തുകയായിരുന്നു. വിവാഹിതരായിരുന്നില്ലെങ്കിലും ഇരുവരും ഒരുമിച്ച് താമസിച്ച് വരുന്നതിനിടെയാണ് ഇരുവർക്കുമിടയിൽ സാമ്പത്തിക ഇടപാടുകളും അതിനെ തുടർന്ന് പ്രശനങ്ങളും ഉണ്ടായത്. തമ്മിലുള്ള പ്രശ്നം പറഞ്ഞ് തീർക്കാം എന്ന് പറഞ്ഞാണ് സോനയുടെ ക്ലിനിക്കിൽ മഹേഷ് എത്തുന്നത് തുടർന്ന് വാക്കേറ്റമുണ്ടാവുകയും കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് സോനയുടെ നെഞ്ചിൽ കുത്തുകയുമായിരുന്നു.

സോനയുടെ കൊലപാതകത്തിന് ശേഷം പോലീസ് അറസറ്റ് ചെയ്ത മഹേഷിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതി ജാമ്യം റദ്ദ് ചെയ്യുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ മഹേഷിനെ ഇന്നലെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു