സ്ഥിതി ഗുരുതരം,കോവിഡ് ചികത്സ ചിലവ് കൂടുതൽ ; സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

എറണാകുളം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് വര്ധിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും ആശുപത്രി ചിലവ് രോഗത്തിന്റെ തീവ്രതയേക്കാൾ ഭീകരമാണെന്നും ഹൈക്കോടതി വിമർശിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങൾക്ക് ആവിശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും. ആശുപത്രി ചിലവുകൾ കുറയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. സ്വകാര്യ ആശുപത്രി അധികൃതരുമായി ചർച്ച നടത്തി ചിലവ് കുറയ്ക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്നും തീരുമാനം കോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് അടക്കമുള്ളവയ്ക്ക് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന തുകയാണ് സ്വകാര്യ ആശുപത്രികൾ സംസ്ഥാന സർക്കാരിന്റെ അറിവോടെ രോഗികളിൽ നിന്ന് വാങ്ങിയിരുന്നത്. സംഭവം വിവാദമായതോടെ സർക്കാർ ഇടപെട്ട് ടെസ്റ്റുകളുടെ തുകയിൽ കുറവ് വരുത്തിയെങ്കിലും ചികിത്സയ്ക്ക് വലിയ തുകയാണ് രോഗികളിൽ നിന്നും ഈടാക്കുന്നത്.