മകന്റെ വിയോഗം വേദനിപ്പിച്ചു, സ്നേഹം പങ്കിടാൻ കുഞ്ഞ് വേണമെന്ന ആഗ്രഹം ; എഴുപത്തി ഒന്നാം വയസിൽ പെൺകുഞ്ഞിനെ പ്രസവിച്ച് സുധർമ്മ

ആലപ്പുഴ : വാർധക്യത്തിൽ മകൾ പിറന്ന സന്തോഷം പങ്കുവെച്ച് കായംകുളം സ്വദേശികളായ സുധർമ്മയും ഭർത്താവ് സുരേന്ദ്രനും. എഴുപത്തി ഒന്നാം വയസിലാണ് സുരേന്ദ്രന്റെ ഭാര്യ സുധർമ്മ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ പ്രായത്തിൽ സുധർമ്മ അമ്മയായതും സുരേന്ദ്രൻ അച്ഛൻ ആയതും നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഏക മകൻ സുജിത്തിന്റെ വിയോഗത്തെ തുടർന്നാണ് സുധർമ്മയും സുരേന്ദ്രനും മറ്റൊരു കുഞ്ഞ് വേണമെന്നുള്ള തീരുമാനത്തിൽ എത്തിയത്. സൗദി അറേബിയയിൽ ജോലി ചെയ്ത് വരികയായിരുന്ന സുജിത്ത് ഒരു വർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.

ഏക മകന്റെ വിയോഗം ഇരുവർക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതിനാൽ തന്നെ തങ്ങളുടെ സ്നേഹം പങ്കിടാൻ ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹമാണ് സുധർമ്മയെ ഈ പ്രായത്തിലും അമ്മയാകാൻ പ്രേരിപ്പിച്ചത്. സുധർമ്മയുടെ ആഗ്രഹത്തിന് ഭർത്താവ് സുരേന്ദ്രൻ പിന്തുണ നൽകിയതോടെയാണ് തന്റെ എഴുപത്തി ഒന്നാം വയസിൽ സുധർമ്മ പെൺകുഞ്ഞിന് ജന്മം നൽകിയത്.

അതേസമയം കുഞ്ഞ് വേണമെന്ന ആവശ്യവുമായി ഇരുവരും ഡോക്ടറെ സമീപിച്ചപ്പോൾ ഡോകടർ ഇവരെ നിരാശപ്പെടുത്തുകയായിരുന്നെന്ന് സുധർമ്മ പറയുന്നു. ഈ പ്രായത്തിൽ ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നത് അപകടകരമായ കാര്യമാണെന്ന് ഡോക്ടർ പറഞ്ഞതായും സുധർമ്മ പറയുന്നു. എന്നാൽ തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ സുധർമ്മ തയ്യാറായില്ല.

പിന്നീട് കൃത്രിമ ഗർഭധാരണത്തെ കുറിച്ച് മനസിലാക്കി ആലപ്പുഴ മെഡിക്കൽ കോളേജിൽ സുധർമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഏറെ ശ്രമകരമായ ചികിത്സയാണ് നടന്നതെന്ന് ഡോക്ടർമാർ പറയുന്നു. .പ്രായാധിക്യം കാരണം മരുന്നുകൾ പോലും സൂക്ഷിച്ചാണ് നല്കിയിരുന്നതെന്നും ഡോക്ടർമാർ പറയുന്നു. കുഞ്ഞിന് ജനിക്കുമ്പോൾ ഭാരം കുറവായിരുന്നു എന്നാൽ പിന്നീട് കുഞ്ഞിന് ആവശ്യത്തിനുള്ള ഭാരം ഉണ്ടായതായും ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

അഭിപ്രായം രേഖപ്പെടുത്തു