വാഹനപരിശോധനയ്ക്ക് പോലീസിനൊപ്പം സേവാഭാരതി പ്രവർത്തകരും

പാലക്കാട് : പോലീസിനൊപ്പം ചേർന്ന് സേവാഭാരതിയുടെ വാഹന പരിശോധന. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സന്നദ്ധ സംഘടനകളുടെ സഹായം സർക്കാർ അഭ്യർത്ഥിച്ചിരുന്നു. സർക്കാരിന്റെ അഭ്യർത്ഥന ശിരസാവഹിച്ചാണ് സേവാഭാരതി പോലീസുകാർക്കൊപ്പം വാഹന പരിശോധനയിൽ പങ്കുചേർന്നത്. കടന്ന് പോകുന്ന വാഹനങ്ങൾക്ക് നിർദേശം നൽകാനും കാര്യങ്ങൾ ചോദിച്ചറിയാനും പോലീസിനൊപ്പം സേവാഭാരതി പ്രവർത്തകരും കർമ്മ നിരതരായി പ്രവർത്തിക്കുകയാണ്.

പ്രളയമടക്കമുള്ള ദുരന്തമുഖങ്ങളിൽ സേവാഭാരതിയുടെ പ്രവർത്തനത്തിന് മുൻപും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ പത്തോളം സേവാഭാരതി പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് സേവാഭാരതി ഹെല്പ് ലൈനുകൾ ആരംഭിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃദദേഹങ്ങൾ അടക്കം ചെയ്യാനും,ആംബുലൻസ് സൗകര്യം ലഭ്യമാക്കാനും സേവാഭാരതി പ്രവർത്തകർ രംഗത്തുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു