വകുപ്പ് ഏതായാലും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

ആലപ്പുഴ : വകുപ്പ് ഏതായാലും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വകുപ്പ് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ശിവൻ കുട്ടി വ്യക്തമാക്കി. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷമായെന്നും വകുപ്പ് ഏതായാലും തന്നിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എതിരാളികൾ പരിഹസിക്കട്ടെ എന്നും അതൊന്നും താൻ കാര്യമാക്കുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ സംവിധാനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുമെന്നും പരിഹാസങ്ങൾ നാൽപ്പത് വർഷമായി കേൾക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ കാര്യങ്ങൾ ചെയ്തു കാണിക്കുകയാണ് വേണ്ടതെന്നും പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം അദ്ദേഹം പറഞ്ഞു.