സ്ഥാനാർഥി എന്ന നിലയ്ക്ക് ധർമജൻ പരാജയമായിരുന്നു, തെരെഞ്ഞെടുപ്പ് പര്യടനത്തിന് പോലും എത്തിയിട്ടില്ല, ഏഴ് മണി കഴിഞ്ഞാൽ എങ്ങോട്ടോ പോകും പിന്നെ ഒരു വിവരവും ഉണ്ടാവില്ല ; ധർമജൻ ബോൾഗാട്ടിക്കെതിരെ രൂക്ഷ വിർശനവുമായി കോൺഗ്രസ്സ് നേതാക്കൾ

കോഴിക്കോട് : കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ബാലുശേരിയിൽ മത്സരിച്ച ഹാസ്യ താരം ധർമജൻ ബോൾഗാട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നേതാക്കൾ രംഗത്ത്. തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ച് തന്നെ തോൽപിക്കാൻ ശ്രമിച്ചെന്ന ധർമജൻ ബോൾഗാട്ടിയുടെ ആരോപണത്തിന് മറുപടിയായാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റി ജനറൽ കൺവീനർ രംഗത്തെത്തിയത്. ധർമ്മജന്റെ ആരോപണങ്ങൾ എല്ലാം വാസ്തവ വിരുദ്ധമാണെന്നും കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.

ബാലുശ്ശേരി മണ്ഡലത്തിലെ രണ്ടു പ്രതദേശിക നേതാക്കൾ തന്റെ പേര് പറഞ്ഞ് ലക്ഷങ്ങൾ പിരിച്ചെടുക്കുകയും തന്നെ തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ധർമജൻ കെപിസിസി അധ്യക്ഷന് പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെയാണ് കോൺഗ്രസ്സ് നേതാക്കൾ വിശദീകരണവുമായി എത്തിയത്.

സ്ഥാനാർത്ഥികൾക്ക് സ്വന്തമായി പണം കണ്ടെത്താനാവാതെ വരുമ്പോഴാണ് തെരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കുന്നതെന്നും ഇത് സാധാരണ സംഭവമാണെന്നും കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രചരണം ഫണ്ട് ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത സമയത്താണ് ധര്മജന്റെ അനുമതിയോടെ സംഭാവന സ്വീകരിച്ചത്. ഇത്തരത്തിൽ സ്വീകരിച്ചത് 80000 രൂപ മാത്രമാണെന്നും നേതാക്കൾ വ്യക്തമാക്കി.

അതേസമയം സ്ഥാനാർഥി എന്ന നിലയിൽ ധർമ്മജൻ പരാജയമായിരുന്നെന്നും ഇതുവരെ മത്സരിച്ച ഒരു കോൺഗ്രസ്സ് സ്ഥാനാർത്ഥിയും ഇത്രയും വലിയ പരാജയം നേരിട്ടിട്ടിട്ടില്ലെന്നും കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. തെരെഞ്ഞെടുപ്പ് കമ്മിറ്റി ആറു മണിക്ക് കോളനി സന്ദർശിക്കാൻ തീരുമാനം എടുത്തിരുന്നു എന്നാൽ ഒരു ദിവസം പോലും ധർമജൻ പര്യടനത്തിന് വന്നില്ലെന്നും നേതാക്കൾ പറഞ്ഞു. വൈകിട്ട് ഏഴ് മണിക്ക് ശേഷം ധർമ്മജൻ എവിടെ ആണെന്ന് പോലും ആർക്കും അറിയില്ലായിരുന്നുവെന്നും നേതാക്കൾ ആരോപിക്കുന്നു.