ബിപിഎൽ കാർഡുകൾ അനർഹരുടെ കയ്യിൽ ; തിരിച്ചേൽപ്പിക്കാൻ തയ്യാറാവണമെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം : സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന ആളുകൾ ബിപിഎൽ കാർഡുകൾ അനർഹമായി കയ്യിൽ വയ്ക്കരുതെന്നും തിരിച്ച് നൽകണമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റ് അനർഹർ വാങ്ങരുതെന്നും ആവിശ്യമില്ലാത്തവർ റേഷൻ കടയിൽ അറിയിക്കണമെന്നും അമന്ത്രി പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് ബിപിഎൽ കാർഡുകൾ നൽകിയിട്ടുള്ളത് പക്ഷെ നിരവധി അനർഹർ ബിപിഎൽ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്നും അത് തിരിച്ച് നൽകണമെന്നും ഇത് ഒരു അവസരമായി കണ്ട് അത്തരം കാർഡുകൾ തിരിച്ചേൽപ്പിക്കണമെന്നും മന്ത്രി ആവിശ്യപ്പെട്ടു.

ബിപിഎൽ കാർഡുകൾ അനർഹമായി കൈവശം വച്ചതിനോ ഇതുവരെ ഭക്ഷ്യ വിഭവങ്ങൾ വാങ്ങിയതിനോ പിഴയൊന്നും നൽകേണ്ടെന്നും ബിപിഎൽ കാർഡുകൾ തിരിച്ചേൽപ്പിച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. നിരവധിയാളുകൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബിപിഎൽ കാർഡുകൾ സ്വന്തമാക്കിയിട്ടുള്ളതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.