ഇറച്ചിക്കടയുടെ മറവിൽ മിനിയും സുഹൃത്തും നടത്തിയ ബിസിനസ്സ് കയ്യോടെ പിടിച്ച് പോലീസ്

ആലപ്പുഴ : ഇറച്ചികോഴി വിൽപ്പനയ്ക്ക് മറവിൽ വ്യാജ ചാരായം വില്പന നടത്തിയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല സ്വദേശികളായ പ്രജേഷ് നാഥ്, മിനി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായം വിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. ചെന്നിത്തലയിൽ വർഷങ്ങളായി മിനി ഇറച്ചിക്കോഴി വില്പന നടത്തുന്നുണ്ട് അതിന്റെ മറവിലാണ് സുഹൃത്തായ പ്രജേഷിനൊപ്പം ചാരായ വില്പന ആരംഭിച്ചത്. മിനിയെ ചാരായ വില്പന നടത്തിയതിന് ഇതിനും മുൻപും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അസമയങ്ങളിൽ യുവാക്കളടക്കമുള്ളവർ ഇറച്ചിക്കോഴി വാങ്ങാൻ കടയിലെത്തുന്നതും മറ്റും നാട്ടുകാരിൽ സംശയം ജനിപ്പിച്ചിരുന്നു. ഒരാഴ്ച മുൻപ് നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും മിനി രക്ഷപ്പെടുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് സംഘം മിനിയുടെ കടയിൽ എത്തിയത്. മിനിയും സുഹൃത്തും ഓടി രക്ഷപെടാനുള്ള ശ്രമം നടത്തിയെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.