ഭരണപരിഷ്കാര കമ്മീഷൻ കാരണം ഖജനാവിന് നഷ്ടമായത് കോടികൾ ; കമ്മീഷന്റെ നിർദേശങ്ങൾ ഒരെണ്ണം പോലും നടപ്പിലാക്കിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്ചുദാനന്തന്റെ അധ്യക്ഷതയിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിലവിൽവന്ന ഭരണപരിഷ്കാര കമ്മീഷൻ നൽകിയ റിപ്പോർട്ടുകളിൽ ഒന്നും നടപ്പിലാക്കിയില്ല. നിയമസഭയിൽ പ്രതിപക്ഷ എംഎൽഎ ചോദിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടിയായി ഇക്കാര്യം പറഞ്ഞത്. പതിമൂന്ന് റിപ്പോർട്ടുകളാണ് സർക്കാരിന് കമ്മീഷൻ സമർപ്പിച്ചത്. അതിൽ ഒന്ന് പോലും നടപ്പിലാക്കിയില്ല.

അതേസമയം ഭരണപരിഷ്കര കമ്മീഷന് വേണ്ടി പൊതുഖജനാവിൽ നിന്ന് 10,79,29,050 രൂപയാണ് ചിലവഴിച്ചത്. കമ്മീഷൻ നൽകുന്ന റിപ്പോർട്ടുകൾ പരിശോധിക്കാനും നടപ്പിലാക്കാനുമായി മറ്റൊരു സമിതിയും രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ തലപ്പത്ത് ചീഫ് സെക്രട്ടറിയെയാണ് നിയമിച്ചത്.

നിരവധി പരിഷ്കാരങ്ങൾക്കായി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒരെണ്ണത്തിൽ പോലും സർക്കാർ നടപടിയെടുത്തില്ല 2017 ൽ വിജിലൻസ് പരിഷ്കാരങ്ങൾക്കായി ആദ്യ റിപ്പോർട്ട് കമ്മീഷൻ സമർപ്പിച്ചിരുന്നു ഇത് കൊടാതെ 2018 ൽ രണ്ടും 2019 ൽ ഒന്നും, 2020 ൽ നാലും, 2021 ൽ ഭരണകമ്മീഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് മുൻപായി അഞ്ച് റിപ്പോർട്ടുകളും സമർപ്പിച്ചിരുന്നു.