ഇടുങ്ങിയ മുറിയിൽ ഭയന്നാണ് പത്ത് വർഷം ജീവിച്ചത്, ഇക്കയോട് ഇവിടെ നിന്നും രക്ഷപെടുത്താൻ പറഞ്ഞിരുന്നു ; ദുരനുഭവം വെളിപ്പെടുത്തി സജിത

പാലക്കാട് : അയൽവാസിയായ യുവതിയെ വശീകരിച്ച് പത്ത് വർഷത്തോളം ചെറിയ മുറിക്കുള്ളിൽ വീട്ടുകാർ അറിയാതെ രഹസ്യമായി താമസിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യുവതി. സജിത എന്ന യുവതിയാണ് പത്ത് വർഷത്തോളം ഇടുങ്ങിയ മുറിയിൽ പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ച കഥ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പതിനെട്ടാമത്തെ വയസിലാണ് റഹ്മാനുമായി അടുപ്പത്തിലാകുന്നത്‌ വീട്ടുകാർ ബന്ധത്തെ എതിർക്കുമെന്നുറപ്പുള്ളത് കൊണ്ടാണ് വീട്ടിൽ പറയാതെ റഹ്മാന്റെ കൂടെ പോയത്. അന്നുമുതൽ ഇടുങ്ങിയ മുറിയിൽ ഭയന്ന് ജീവിക്കുകയായിരുന്നു. പിടിക്കപ്പെടുമോ എന്ന ഭയത്തിലാണ് ഇത്രയും കാലം ജീവിച്ചത്. രാത്രിയിൽ മാത്രമാണ് പുറത്തിറങ്ങിയിരുന്നതെന്നും സജിത പറയുന്നു.

നിരവധി തവണ പിടിക്കപ്പെടുമെന്ന് കരുതി. റഹ്മാന്റെ സഹോദരിയുടെ വിവാഹവും, വീട് പൊളിച്ച് മെയിലടക്കമുള്ള സംഭവങ്ങൾ നടന്നു പക്ഷെ താൻ അവിടെയുള്ളത് ആരും അറിഞ്ഞില്ലെന്നും സജിത പറയുന്നു. സാഹചര്യങ്ങൾ കാരണമാണ് ഒളിച്ച് താമസിച്ചത്. വീട്ടിൽ നിന്ന് ഭക്ഷണം കിട്ടാത്തതിനാലാണ് ഇപ്പോൾ വാടകവീട്ടിലേക്ക് താമസം മാറിയതെന്നും സജിത പറയുന്നു. ഇക്ക തന്റെ എല്ലാ കാര്യങ്ങളും ചെയ്ത് തന്നിരുന്നു.

പലവട്ടം വീട്ടിൽ നിന്ന് മാറാമെന്ന് പറഞ്ഞിരുന്നു പക്ഷെ പണമില്ലാത്തതിനാൽ അവിടെ തന്നെ നിന്ന് പോകുകയായിരുന്നെന്നും സജിത പറയുന്നു. ഇക്കയുടെ വീട്ടുകാർ ഇക്കയെ കുറ്റപ്പെടുത്തുന്നതിൽ മാത്രമാണ് വിഷമമുണ്ടായിരുന്നത്. ഒറ്റയ്ക്ക് താമസിച്ചവർക്കേ ബുദ്ധിമുട്ട് അറിയൂ എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സജിത പറഞ്ഞു. അതേസമയം വിഷയത്തിൽ പോലീസ് അന്വേഷണം വേണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നുമുള്ള ആവിശ്യം ഉയർന്നിട്ടുണ്ട്.