മകന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു, സജിത താമസിച്ചത് മറ്റൊരു വീട്ടിൽ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റഹ്മാൻറെ കുടുംബം ; കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട് : കാമുകിയായ യുവതിയെ പത്ത് വർഷം രഹസ്യമായി ഒരു മുറിയിൽ താമസിപിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവാവിന്റെ കുടുംബം രംഗത്ത്. റഹ്മാൻറെ മാതാപിതാക്കളാണ് റഹ്‌മാനും സജിതയും പറയുന്നത് നുണയാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. സജിത മുറിയിൽ നിന്നും രാത്രി പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയുന്ന ജനൽ പാളികൾ മൂന്ന് മാസം മുൻപാണ് മുറിച്ച് മാറ്റിയതെന്നും റഹ്‌മാന്‌ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും പിതാവ് മുഹമ്മദ് കരീം പറയുന്നു.

പത്ത് വർഷത്തിനുള്ളിൽ നിരവധി തവണ തങ്ങൾ സജിത താമസിച്ചെന്ന് പറയുന്ന മുറിയിൽ കയറിയിട്ടുണ്ടെന്നും മൂന്ന് വർഷം മുൻപ് വീടിന്റെ മേൽക്കൂര പൂർണമായും നീക്കം ചെയ്തിരുന്നതായും ആ സമയത്ത് കുട്ടികളടക്കം എല്ലാവരും ആ മുറിയിൽ കയറിയിരുന്നതായും മാതാവ് ആത്തിക പറയുന്നു. മേൽക്കൂര മാറ്റുന്ന സമയത്ത് ആ മുറിയിൽ ഒരു കട്ടിൽ പോലും ഉണ്ടായിരുന്നില്ലെന്നും റഹ്മാൻറെ മാതാവ് പറയുന്നു. പാതി ചുമർ മാത്രമുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്. റഹ്മാനും സജിതയും പറയുന്നത് കള്ളമാണ് ഇത്രയും കാലം മറ്റെവിടെയോ ആണ് സജിത താമസിച്ചിരുന്നതെന്നും ഇവർ പറയുന്നു.

അതേസമയം ഇത് പ്രണയമല്ലെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി വനിതാ കമ്മീഷൻ കേസെടുത്തു. പുരുഷൻ സ്വാതന്ത്ര്യം അനുഭവിക്കുകയും. സ്ത്രീയുടെ സ്വാതന്ത്ര്യം നിഷേധിക്കുകയുമാണ് ചെയ്തിരിക്കുന്നത്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നെന്മാറ സിഐക്ക് നിർദേശം നൽകി. പോലീസ് സംഭവത്തെ നിസാരമായാണ് കണ്ടതെന്നും ഇത്രപെട്ടെന്ന് തീരുമാനമെടുക്കാൻ പറ്റില്ലായിരുന്നുവെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി. സംഭവത്തിന് പ്രണയത്തിന്റെ ഭാഷ്യം നൽകരുതെന്നും പത്ത് വർഷം സൂര്യപ്രകാശം ഏൽക്കാതെ പെൺകുട്ടി ഒരു മുറിയിൽ കഴിഞ്ഞെങ്കിൽ അത് അസാധാരണ സംഭവമാണെന്നും ദുരൂഹതയുണ്ടെന്നും വനിതാ കമ്മീഷൻ പറഞ്ഞു.