തന്നെ പീഡിപ്പിച്ചിട്ടില്ല സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിയുടെ കൂടെ പോയത്, അമ്പിളിക്കെതിരെ മൊഴി നൽകിയാൽ അഞ്ച് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു ; പെൺകുട്ടിയുടേതെന്ന പേരിൽ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അറസ്റ്റിലായ ടിക് ടോക്ക് താരം അമ്പിളിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് പീഡനത്തിന് ഇരയായെന്ന് പറയുന്ന പെൺകുട്ടിയുടെ പേരിൽ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിയുടെ കൂടെ പോയതെന്നും ഓഡിയോ ക്ലിപ്പിൽ പറയുന്നു. അമ്പിളിയുടെ ഇൻസ്റ്റാഗ്രാം അകൗണ്ടിലാണ് ഓഡിയോ ക്ലിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അമ്പിളിയുടെ ഇൻസ്റ്റാഗ്രാമിൽ പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന പെൺകുട്ടി താനാണെന്നും തന്നെ അമ്പിളി പീഡിപ്പിച്ചിട്ടില്ലെന്നും അമ്പിളിക്കെതിരെ പോലീസ് കെട്ടിച്ചമച്ച കള്ളക്കഥകൾ ആണ് പ്രചരിക്കുന്നതെന്നും ഓഡിയോ ക്ലിപ്പിൽ പറയുന്നു. പോലീസുകാർ വീട്ടിൽ കയറി വരികയും അമ്പിളിയുടെ അച്ഛനെ ഉപദ്രവിക്കുകയും ചെയ്തതോടെയാണ് അമ്പിളി പൊലീസിന് കീഴടങ്ങിയത് അല്ലാതെ അമ്പിളി ഒളിവിൽ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പിന്തുടർന്ന് പിടിച്ചതല്ലെന്നും അതൊക്കെ കള്ളമാണെന്നും, അമ്പിളിക്കെതിരെ മൊഴി നൽകിയാൽ അഞ്ച് ലക്ഷം രൂപ നൽകാമെന്നും സർക്കാർ ഏറ്റെടുക്കുമെന്നും വാഗ്ദാനം നൽകിയതായും പെൺകുട്ടിയുടുത്തതെന്ന് പറയുന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നു.


അതേസമയം ഈ ഓഡിയോ ക്ലിപ്പ് പീഡിപ്പിക്കപ്പെട്ട പെണ്കുട്ടിയുടേത് ആണോ എന്ന് വ്യക്തമല്ല. പ്രതിയുടെ ഇൻസ്റ്റാഗ്രാം അകൗണ്ടിലാണ് ഓഡിയോ ക്ലിപ്പ് പ്രത്യക്ഷപ്പെട്ടത്. നിരവധിയാളുകൾ ഓഡിയോ ക്ലിപ്പിനെതിരെ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രതിയെ സംരക്ഷിക്കാൻ വ്യാജമായി നിർമിച്ച ഓഡിയോ ക്ലിപ്പാണിതെന്നാണ് ചിലരുടെ വാദം. ഓഡിയോ ക്ലിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.