കുടുംബ വഴക്കിനിടയിൽ ഭാര്യയുടെ മൂക്ക് കടിച്ച് പറിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഭോപാൽ : ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് രത്‌ലം ജില്ലാ സ്വദേശിയായ ദിനേശാണ് അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയുടെ മൂക്ക് കടിച്ച് പരിക്കുകയായിരുന്നു. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ദിനേശിന്റെ ഭാര്യ ടിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പതിമൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു ദിനേശും ടിനായും വിവാഹിതരായത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളും ഇവർക്കുണ്ട്. വിവാഹത്തിന് ശേഷം ജോലിക്കൊക്കെ പോയിരുന്ന ദിനേശ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജോലിക്കൊന്നും പോകാതെ മദ്യപിച്ച് നടക്കുന്നതായി ഭാര്യ പറയുന്നു. മദ്യപിച്ച് വീട്ടിലെത്തുന്ന ദിനേശ് തന്നെ ഉപദ്രവിക്കാറുള്ളതായും ടിന പറയുന്നു. ഭർത്താവിന്റെ ശല്ല്യം രൂക്ഷമായതോടെ ടിന പോലീസിൽ പരാതി നൽകുകയും തുടർന്ന് പിരിഞ്ഞ് താമസിക്കുകയുമായിരുന്നു.

2019 ൽ കോടതിയെ സമീപിച്ച ടിന ഭർത്താവിൽ നിന്ന് ജീവനാംശം വേണമെന്ന് ആവിശ്യപെടുകയും ചെയ്തിരുന്നു. ഈ കേസ് നടക്കുന്നതിനിടയിലാണ് ദിനേശ് ടിന താമസിക്കുന്ന വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത്. വഴക്കിനിടയിൽ ദിനേശ് ഭാര്യയുടെ മൂക്ക് കടിച്ച് പറിക്കുകയായിരുന്നു. മൂക്കിൽ നിന്നും രക്തം വന്നതോടെ കടി വിട്ട് ദിനേശ് ഓടി രക്ഷപെടുകയായിരുന്നു. ടിനയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ടിനയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.