പെൺകുട്ടിയെ വീഡിയോ കോളിലൂടെ ലൈംഗീകമായി ദുരുപയോഗം ചെയ്ത സംഭവത്തിൽ ആന പാപ്പാനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : പെൺകുട്ടിയെ വീഡിയോ കോളിലൂടെ ലൈംഗീകമായി ദുരുപയോഗം ചെയ്ത സംഭവത്തിൽ ആന പാപ്പാനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയാണ് പതിനാറുകാരിയെ വീഡിയോ കോളിലൂടെ ലൈംഗീകമായി ദുരുപയോഗം ചെയ്തതിനെ തുടർന്ന് അറസ്റ്റിലായത്. രണ്ട് വർഷത്തോളമായി ഇയാൾ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. സ്ഥിരമായി വീഡിയോ കോളിലൂടെ പെൺകുട്ടിയുടെ നഗ്ന്ന ദൃശ്യങ്ങൾ കാണിക്കാൻ ഇയാൾ ആവശ്യപ്പെടുകയും പെൺകുട്ടി അതിന് നിർബന്ധിതയായതായും പോലീസ് പറയുന്നു.

പെൺകുട്ടി കുറെ നാളുകളായി മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതും ചാറ്റ് ചെയ്യുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ആനപാപ്പാനുമായി പെൺകുട്ടി സൗഹൃദത്തിലാണെന്ന വിവരം ലഭിച്ചത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസ് അന്വേഷണത്തിൽ രണ്ട് വർഷത്തോളമായി പെൺകുട്ടി ആനപ്പാപ്പനുമായി സൗഹൃദത്തിലാണെന്ന് കണ്ടെത്തുകയായിരുന്നു.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സജിയെ പാലാ പോലീസ് ഇൻസ്‌പെക്‌ടർ കെപി ടോംസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വനിതാ പോലീസ് പെൺകുട്ടിയിൽ മൊഴി രേഖപ്പെടുത്തിയതിൽ നിന്നാണ് ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

പെൺകുട്ടിയുടെ വീടിന് സമീപത്ത് ആനയുമായി സജി രണ്ട് വർഷങ്ങൾക്ക് മുൻപ് വന്നിരുന്നതായും. അന്ന് പെൺകുട്ടിയുടെ വീട്ടിൽ വെള്ളം ആവിശ്യപ്പെട്ട് എത്തുകയും അവിടെ നിന്ന് പെൺകുട്ടിയുമായി സൗഹൃദത്തിലാകുകയുമായിരുന്നു. തുടർന്ന് സൗഹൃദം പ്രണയമാകുകയും വീഡിയോ കാളിലൂടെ സൗഹൃദം മുന്നോട്ട് കൊണ്ടുപോകുകയുമായിരുന്നു. ഇതിനിടയിൽ ഒരുവർഷം മുൻപ് പെൺകുട്ടിയെ കാണാൻ ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയതായും കയ്യിൽ കയറി പിടിച്ചതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നുണ്ട്.

അതേസമയം ഭരണങ്ങാനത്ത് നിന്നാണ് ആനപാപ്പാനായി ജോലി ചെയ്തുവരികയായിരുന്ന സജിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ച് വീഡിയോ കാളിലൂടെ ലൈംഗീക ദുരുപയോഗം ചെയ്തതിന് ശക്തമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പാലാ എസ്എച് കെപി ടോംസൺ,എഎസ്ഐ ബിജു കെ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ തുടങ്ങിയവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.