കോളേജ് വിദ്യാർത്ഥിനികളെ വലയിലാക്കി പെൺവാണിഭത്തിന് ഉപയോഗിക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു : കോളേജ് വിദ്യാർത്ഥിനികളെ വലയിലാക്കി പെൺവാണിഭത്തിന് ഉപയോഗിക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ട പതിനേഴ് വയസുകാരിയുടെ പരാതിയിലാണ് പോലീസ് നടപടി. രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. മുഖ്യ കണ്ണി ഷമീമ,ഭർത്താവ് സിദ്ധിഖ് ഇവരുടെ സഹായി ഐഷമ്മ എന്നിവരെയാണ് മംഗളുരു പോലീസ് അറസ്റ്റ് ചെയ്തത്.

കോളേജ് വിദ്യാർത്ഥിനികളെ സൗഹൃദം നടിച്ച് വലയിലാക്കിയ ശേഷം നന്ദി ഗുഡയിലുള്ള അപ്പാർട്ട്മെന്റിൽ എത്തിക്കും. തുടർന്ന് ഭീഷണിപ്പെടുത്തിയും ദൃശ്യങ്ങൾ പകർത്തിയും പെൺവാണിഭത്തിന് ഉപയോഗിക്കും. നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ സംഘം ദുരുപയോഗം ചെയ്തതായി പോലീസ് പറയുന്നു.

പെൺവാണിഭ സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപെട്ട പതിനേഴുകാരിയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തിച്ചിരുന്ന അപ്പാർട്ട്മെന്റിൽ പോലീസ് റെയിഡ് നടത്തുകയായിരുന്നു. റെയിഡിനിടയിലാണ് മൂന്ന് പേർ അറസ്റ്റിലായത്. സംഘത്തിന്റെ കയ്യിൽ നിന്ന് രണ്ട് വിദ്യാർത്ഥിനികളെ പോലീസ് രക്ഷപ്പെടുത്തി. അപ്പാർട്ട്മെന്റിൽ കിടപ്പ് മുറികളിൽ നിരവധി ക്യാമറകൾ സ്ഥാപിച്ചതായും പോലീസ് കണ്ടെത്തി. ദൃശ്യങ്ങൾ പകർത്തി ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ലക്ഷ്യമിട്ടാണ് ക്യാമറ സ്ഥാപിച്ചതെന്ന് പോലീസ് സംശയിക്കുന്നു.