ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മുപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം : ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മുപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നാവായിക്കുളം സ്വദേശിയായ ആദർശ് (27) നെയാണ് കോടതി ശിക്ഷിച്ചത്. നാല് വർഷം മുൻപ് നടന്ന കേസിലാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ ടെലിവിഷൻ കേടായതിനെ തുടർന്ന് അയല്പക്കത്തെ ബന്ധുവിന്റെ വീട്ടിൽ ടിവി കാണാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടി ടിവി കാണുന്നതിനിടയിൽ ബന്ധുവായ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഭാര്യ ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കല്ലമ്പലം എസ്‌ഐ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയത്.