തൃശൂരിൽ ആനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ : കണ്ണംകുഴിയിൽ ആനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരി മരിച്ചു. പുത്തൻചിറ സ്വദേശി നിഖിലിന്റെ മകൾ ആഗ്നിമയാണ് മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് അഞ്ച് വയസുകാരിക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയതായിരുന്നു ആഗ്നിമ.

നിഖിലും മകൾ ആഗ്നിമായും,ഭാര്യ പിതാവും ബൈക്കിൽ വരുന്നതിനിടെ വീടിന് സമീപത്ത് വെച്ച് ആനയെ കാണുകയായിരുന്നു. ആനയെ കണ്ടതോടെ ഇവർ ബൈക്ക് നിർത്തുകയും ആന ഇവർക്ക് നേരെ തിരിഞ്ഞതോടെ വെപ്രാളപ്പെട്ട് ഓടുകയായിരുന്നു. ആനയെ കണ്ട് ചിതറിയോടുന്നതിനിടയിൽ പെൺകുട്ടി വീഴുകയും ആനയുടെ ചവിട്ടേൽക്കുകയുമായിരുന്നു.

തലയ്ക്ക് ചവിട്ടേറ്റ ആഗ്നിമയെ രക്ഷിക്കുന്നതിനിടയിൽ അച്ഛനും,അപ്പൂപ്പനും പരിക്കേറ്റു. മൂന്ന് പേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഗ്നിമയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അച്ഛനും,അപ്പൂപ്പനും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.