സ്കൂൾ വിദ്യാർഥിനികൾക്ക് മുൻപിൽ നഗ്ന്ത പ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : സ്കൂൾ വിദ്യാർഥിനികൾക്ക് മുൻപിൽ നഗ്ന്ത പ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയും ഫോട്ടോഗ്രാഫറുമായ നിതിൻ (28) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഇയാളെ കിളിമാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

മണ്ണന്തലയിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി തിങ്കളാഴ്ച വൈകിട്ട് കാരേറ്റ് പേടിക്കുളത്ത് വച്ച് പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ബൈക്കിലെത്തിയ പ്രതി റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയായിരുന്നു. കിളിമാനൂരിൽ പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വേഷം മാറിയെത്തിയ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പെൺകുട്ടികളുടെ അടുത്ത് ബൈക്ക് നിർത്തി പെൺകുട്ടികളുടെ ശ്രദ്ധ ആകർഷിച്ച ശേഷം നഗ്നത പ്രദർശിപ്പിക്കുന്നതാണ് പ്രതിയുടെ രീതി. നിരവധി തവണ ഇയാൾ ഇത്തരത്തിൽ നഗ്നത പ്രദർശനം നടത്തിയിട്ടുള്ളതായാണ് വിവരം. കഴിഞ്ഞ ദിവസം നഗ്നത പ്രദർശിപ്പിച്ച് ബൈക് എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടികൾ നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. സംഘടിച്ചെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രതി നേരത്തെയും സമാനരീതിയിലുള്ള കുറ്റകൃത്യം ചെയ്തതായി പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ പോക്സോ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.