അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം മോഷണം ലക്ഷ്യമിട്ടെന്ന് അറസ്റ്റിലായ പ്രതി രാജേന്ദ്രൻ

തിരുവനന്തപുരം : പേരൂർക്കട അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം മോഷണം ലക്ഷ്യമിട്ടെന്ന് അറസ്റ്റിലായ പ്രതി രാജേന്ദ്രൻ പൊലീസിന് മൊഴി നൽകി. മറ്റൊരു യുവതിയെ പിന്തുടർന്നാണ് അമ്പലമുക്കിൽ എത്തിയതെന്നും എന്നാൽ പാതിവഴിയിൽ ആ യുവതിയെ കാണാതായി പിന്നീട് ആണ് ചെടിക്കടയിൽ ചെടി നനയ്ക്കുന്ന വിനീതയെ കണ്ടതെന്നും പ്രതി രാജേന്ദ്രൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ചെടിച്ചട്ടി വാങ്ങാനാണെന്ന വ്യാജേന കടയിൽ കയറിചെന്ന രാജേന്ദ്രനെ കണ്ടതയോടെ വിനിത ഭയപ്പെടുകയും ബഹളം വെയ്ക്കുകയും ചെയ്തു. വിനിത ബഹളം വെച്ചതോടെ രാജേന്ദ്രൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് വനിതയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഒന്നിൽ കൂടുതൽ തവണ കത്തി ഊരി കുത്തിയതായി രാജേന്ദ്രൻ പോലീസിനോട് പറഞ്ഞു. വിനീത പിടഞ്ഞ് മരിക്കുന്നത് വരെ രാജേന്ദ്രൻ നോക്കി നിൽക്കുകയും മരണം ഉറപ്പാക്കിയ ശേഷം വനിതയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് ടാർപോളിൻ കൊണ്ട് മൃദദേഹം മൂടിവെച്ച് സംഭവ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

പോലീസ് പ്രതിയെ അന്വേഷിക്കുന്ന സമയത്തൊക്കെ പ്രതി പേരൂർക്കട ഭാഗത്തുണ്ടായിരുന്നു. കൊലപാതകത്തിന്റെ പിറ്റേദിവസം പേരൂർക്കടയിൽ ജോലി ചെയ്തിരുന്ന ഹോട്ടലിൽ അവധി വേണമെന്ന് ആവിശ്യപ്പെട്ട് പ്രതി എത്തിയിരുന്നു. വിനീതയെ അക്രമിക്കുന്നതിനിടയിൽ പറ്റിയ കയ്യിലെ പരിക്ക് കാണിച്ചാണ് പ്രതി അവധി ആവശ്യപ്പെട്ടത്. തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടിയതിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.