ആറു ദിവസം മുൻപ് വിവാഹിതയായ യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : ആറു ദിവസം മുൻപ് വിവാഹിതയായ യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്യയുടെയും കോഴിക്കോട് സ്വദേശി ശാശ്വതമായുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭർതൃ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് ശനിയാഴ്ചയാണ് ആര്യ എത്തിയത്. തുടർന്ന് വൈകിട്ട് നാലുമണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കണമെന്ന് പറഞ്ഞ് പോയ ആര്യയെ കാണാതാവുകയായിരുന്നു.

ആര്യയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും അന്വേഷിക്കുന്നതിനിടയിൽ ആര്യയുടെ സ്കൂട്ടറും ചെരിപ്പും കടലുണ്ടി പുഴയ്ക്ക് സമീപത്ത് കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെയോടെ തിരച്ചിലിൽ തുടരുകയും ഉച്ചയോടെ ആര്യയുടെ മൃദദേഹം കണ്ടെത്തുകയുമായിരുന്നു.

അതേസമയം ആര്യ മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവുമായോ, ഭർതൃ വീട്ടുകാരുമായോ പ്രശനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ആര്യയുടെ മൃദദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രി നടപടികൾക്ക് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.