മാനഷ്ടകേസിൽ ഉമ്മൻചാണ്ടിക്ക് 10 ലക്ഷം നൽകാൻ സബ് കോടതി, സ്റ്റേ അനുവദിക്കാൻ വിഎസ് 15 ലക്ഷം കെട്ടിവെയ്ക്കണമെന്ന് സെഷൻസ് കോടതി

തിരുവനന്തപുരം : വിഎസ് അച്ചുതാനന്ദൻ നടത്തിയ വിവാദപരാമർശത്തിനെതിരെ ഉമ്മൻ‌ചാണ്ടി നൽകിയ മാനനഷ്ട കേസിലെ വിധിക്ക് സ്റ്റേ. സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ ഉമ്മൻ‌ചാണ്ടി നൽകിയ മാനനഷ്ട കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂലമായി സബ് കോടതിയുടെ വിധി വന്നിരുന്നു. മാനനഷ്ട കേസിൽ വിഎസ് അച്യുതാനന്ദൻ ഉമ്മൻചാണ്ടിക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി.

സബ് കോടതി വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീലിൽ പരിഗണിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സബ് കോടതി വിധി സ്റ്റേ ചെയ്തത്. സബ് കോടതിയിൽ 14.89 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന ഉപാധികളോടെയാണ് വിധിക്ക് സ്റ്റേ അനുവദിച്ചത്. 14.89 ലക്ഷം രൂപ കെട്ടിവെയ്ക്കുകയോ ഇതിന് തത്തുല്യം ജാമ്യം നൽകുകയോ ചെയ്യണം. ഏത് വേണമെന്നത് സബ് കോടതിക്ക് തീരുമാനിക്കാമെന്നും പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു.

ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടന്ന സോളാർ വിവാദങ്ങൾക്കിടെയാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാന്ദൻ ഉമ്മൻചാണ്ടിക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഉമ്മൻ‌ചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനി ഉണ്ടാക്കി അതിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് വിഎസ് അച്ചുതാനന്ദന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മൻ‌ചാണ്ടി കോടതിയെ സമീപിച്ചത്.