കോഴിക്കോട് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

കോഴിക്കോട് : വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പഠനയാത്രയുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെത്തിയ കുട്ടികൾ വെള്ളമാണെന്ന് കരുതി ആസിഡ് കുടിക്കുകയായിരുന്നു. തൃക്കരിപ്പൂർ സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.

മദ്രസ പഠനയാത്രയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ കോഴിക്കോട് എത്തിയത്. കോഴിക്കോട് ബീച്ച് സന്ദർശിക്കുന്നതിനിടയിൽ ഉപ്പിലിട്ടത് വിൽക്കുന്ന പെട്ടിക്കടയിൽ നിന്നും ഉപ്പിലിട്ടത് വാങ്ങി കഴിച്ച വിദ്യാർത്ഥികൾ എരിവ് തോന്നി. തുടർന്ന് പെട്ടിക്കടയിൽ കുപ്പിയിലിരുന്ന ആസിഡ് വെള്ളമാണെന്ന് കരുതി എടുത്ത് കുടിക്കുകയായിരുന്നു. വാ പൊള്ളിയതിനെ തുടർന്ന് കുട്ടി ആസിഡ് പുറത്തേക്ക് തുപ്പിയപ്പോൾ തൊട്ടടുത്ത് നിന്ന വിദ്യാർത്ഥിയുടെ ദേഹത്ത് വീഴുകയും പരിക്കേൽക്കുകയുമായിരുന്നു.

വിദ്യാർത്ഥികളെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. അതേസമയം ബീച്ചുകളിലും മറ്റുമുള്ള പെട്ടിക്കടകളിൽ ഉപ്പിലിട്ടത് പെട്ടെന്ന് പകമാക്കാൻ വേണ്ടി ആസിഡ് ഉപയോഗിക്കുന്നതായി പരാതി ഉയർന്നിരുന്നു. നഗരസഭാ അധികൃതർ ജാഗ്രത പുലർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.