പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇറച്ചിവെട്ട്കാരൻ അറസ്റ്റിൽ

കോട്ടയം : ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇറച്ചിവെട്ട് ജോലി ചെയ്യുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിലടവ് സ്വദേശി വിപിൻ (20) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഏഴുമാസം മുൻപാണ് വിപിൻ ഫേസ്‌ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ പെൺകുട്ടിയെ നിരവധി തവണ വിപിൻ പലയിലെത്തി കണ്ടിരുന്നതായി പോലീസ് പറയുന്നു. ഏഴുമാസത്തോളമായി പെൺകുട്ടിയോട് പ്രണയം നടിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു.

സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ പ്രതി ബൈക്കിൽ കയറ്റി ഈരാറ്റുപേട്ടയിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി പലപ്പോഴും സ്‌കൂളിൽ എത്താത്തതിൽ സംശയം തോന്നിയ അധ്യാപകരുടെ ഇടപെടലാണ് പീഡന വിവരം പുറത്ത് കൊണ്ടുവന്നത്. പെൺകുട്ടി ക്ലാസ്സിൽ എത്തുന്നില്ലെന്ന് വീട്ടുകാരെ അറിയിച്ചു തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കുകയായിരുന്നു.

കൗൺസിലിംഗിനിടെ പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയും പ്രതിയും തമ്മിൽ ഫേസ്‌ബുക്കിലൂടെ നടത്തിയ ചാറ്റുകൾ പോലീസ് പരിശോധിക്കുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.