പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം : പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുത്തൂർ സ്വദേശിനി രാധിക (34) ആണ് അറസ്റ്റിലായത്. കൊല്ലത്ത് നിന്നും വന്ന് ആലുവയിൽ സ്ഥിരതാമസമാക്കിയ രാധികയുടെ കാമുകൻ മണിലാലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് നടപടി.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മണിലാൽ കുറച്ച് കാലമായി ഭാര്യയിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. ഇതിനിടയിലാണ് രാധികയുമായി മണിലാൽ അടുപ്പത്തിലാകുന്നത്‌. അടുപ്പം പ്രണയമായി മാറിയതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു. രാധികയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോടിയതായി വിവരം ലഭിച്ചത്.

ബാലനീതി വകുപ്പ് പ്രകാരമാണ് രാധികയ്‌ക്കെതിരെയും മണിലാലിനെതിരെയും പോലീസ് കേസെടുത്തത്. ആലുവയിലെ മണിലാലിന്റെ വീട്ടിൽ നിന്നുമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.