കൂൾബാർ ജീവനക്കാരിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി : മട്ടാഞ്ചേരിയിൽ കൂൾബാർ ജീവനക്കാരിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീമൂലപുരം സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച വൈകിട്ടാണ് മട്ടാഞ്ചേരി പാലസ് കൂൾ ബാറിൽ വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്.

ജീവനക്കാരിയായ യുവതി മാത്രം ഉള്ള നേരത്താണ് പ്രതി കൂൾ ബാറിലെത്തിയത്. യുവതിയിൽ നിന്നും ജ്യൂസ് ഓർഡർ ചെയ്ത് കുടിക്കുകയും ഏറെ നേരം കൂൾ ബാറിൽ ഇരിക്കുകയും ചെയ്തു. ഇതിനിടയിൽ അകത്തെ മുറിയിൽ പോയി വിശ്രമിക്കുകയായിരുന്ന യുവതിക്ക് നേരെ ഇയാൾ നഗ്‌നത പ്രദർശിപ്പിക്കുകയായിരുന്നു. യുവാവിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഭയന്ന യുവതി കടയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.

യുവതി ഓടിയതിന് പിന്നാലെ പ്രതിയും ഓടി രക്ഷപ്പെട്ടിരുന്നു. യുവതിയുടെ ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് റഫീഖ് നേരത്തെയും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും പോക്സോ കേസിലെ പ്രതിയാണെന്നും പോലീസ് പറയുന്നു.