ലഹരിമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : ലഹരിമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര സ്വദേശി വരുൺ രാജ്, മുയിപ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാം ലാൽ എന്നിവരാണ് അറസ്റ്റിലായത്. വാലന്റൈൻസ് ദിവസമായ ഫെബ്രുവരി പതിനാലിനാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിക്ക് കഞ്ചാവും ലഹരി മരുന്നും നൽകി മയക്കി കിടത്തിയാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. രാവിലെ മുതൽ വൈകുന്നേരം വരെ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. കഞ്ചാവും ലഹരിമരുന്നും ഉപയോഗിച്ച പെൺകുട്ടി പാതി മയക്കത്തിലായിരുന്നു പ്രതികൾക്കൊപ്പം സഞ്ചരിച്ചത്.

വൈകീട്ട് വീട്ടിലെത്തിയ പെൺകുട്ടി അവശ നിലയിലായതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഒരുവർഷത്തോളമായി പ്രതികളുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് വാലന്റൈൻസ് ഡേ ആഘോഷിക്കാനെന്ന വ്യാജേന പെൺകുട്ടിയെ കൊണ്ട് പോയി മയക്ക് മരുന്ന് നൽകി പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.