രണ്ടര വയസുള്ള മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പിതാവിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച് കോടതി

തിരുവനന്തപുരം : രണ്ടര വയസുള്ള മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പിതാവിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച് കോടതി. മുട്ടട സ്വദേശിയായ യുവാവിനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമെ അമ്പതിനായിരം രൂപ പിഴയടക്കണമെന്നും പിഴയടക്കാത്ത പക്ഷം ഒരുവർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

രണ്ടുവർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതിയും ഭാര്യയും മകളും ഒരുമിച്ച് താമസിക്കുന്നതിനിടയിലാണ് പ്രതി ഭാര്യ അറിയാതെ മകളെ പീഡനത്തിന് ഇരയാക്കിയത്. ഒരുമിച്ച് കിടന്നുറങ്ങുന്നതിനിടയിൽ കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

മൂത്രം ഒഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നതിനാൽ കുഞ്ഞ് കരയുമായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടായിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. മുറിവുണ്ടായതിനെ കുറിച്ച് ചോദിച്ചപ്പോൾ കുഞ്ഞ് ഒന്നും പറയാതെ കരയുകയായിരുന്നു. എന്നാൽ ഭാര്യയ്ക്ക് ഭർത്താവിനെ സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവാണ് മകളെ പീഡിപ്പിച്ചതെന്ന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

കുഞ്ഞ് തന്റേതല്ലെന്ന് ഭർത്താവ് നിരന്തരം ആരോപിക്കുകയും ഭാര്യയോട് തർക്കിക്കുകയും ചെയ്തിരുന്നു.
മറ്റാരുടെയോ കുഞ്ഞാണ് ഇതെന്ന് പറഞ്ഞാണ് പ്രതി വഴക്കിട്ടിരുന്നത്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു.