സ്‌കൂളിൽ പോകാൻ മടി കാണിച്ച നാലാം ക്ലാസുകാരന്റെ തുടയിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മ അറസ്റ്റിൽ

കൊല്ലം : സ്‌കൂളിൽ പോകാൻ വിമുഖത കാണിച്ച നാലാം ക്ലാസ്സ് വിദ്യാർത്ഥിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തേവരക്കര സ്വദേശിനിയായ ചിപ്പി (28) ആണ് അറസ്റ്റിലായത്. രാവിലെ സ്‌കൂളിൽ പോകാൻ മടി കാണിച്ച നാലാം ക്ലാസ്സ് വിദ്യാർത്ഥിയുടെ കാല്പാദത്തിലും തുടയിലും കറിക്കത്തി ചൂടാക്കി പൊളളലേൽപ്പിക്കുകയായിരുന്നു.

പൊള്ളലേറ്റതിനെ തുടർന്ന് അലമുറയിട്ട് കരഞ്ഞ കുട്ടിയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ മൊഴിയെടുത്ത പോലീസ് ചിപ്പിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌കൂളിൽ പോകാൻ നിർബന്ധിക്കുകയും അനുസരിക്കാത്തതിനാൽ പൊള്ളലേൽപ്പിക്കുകയുമായിരുന്നെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്.

അതേസമയം ഉപദ്രവിക്കണമെന്ന് കരുതി ചെയ്തതല്ലെന്നും അബദ്ധം പറ്റിയതാണെന്നും ചിപ്പി പോലീസിനോട് പറഞ്ഞതായാണ് വിവരം. ഇൻസ്‌പെക്ടർ എം ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വീട്ടിലെത്തി ചിപ്പിയെ അറസ്റ്റ് ചെയ്തത്.