പത്ത് ദിവസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇയ്യോട് സ്വദേശി ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മി (18) യെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ ലക്ഷ്മി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്ന് പറഞ്ഞ് ജിനു കൃഷ്ണൻ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് വീട്ടുകാർ മുറിയിലെത്തിയപ്പോഴാണ് കട്ടിലിൽ ചലനമറ്റ നിലയിൽ കിടക്കുന്ന തേജലക്ഷ്മിയെ കണ്ടത്. വീട്ടുകാർ ചേർന്ന് തേജലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പത്ത് ദിവസം മുൻപാണ് ജിനു കൃഷ്ണനും തേജലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ തേജലക്ഷ്മി ലാബ് ടെക്‌നീഷ്യൻ കോഴ്‌സിന് ചേർന്നിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ തേജ ലക്ഷ്മിയുടെ മൃദദേഹം കിടന്നിരുന്ന റൂമിലെ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയത് ദുരൂഹതയുയർത്തുന്നു.

പരേതനായ സുനിലിന്റേയും ജിഷിയുടെയും മകളാണ് മരിച്ച തേജ ലക്ഷ്മി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃദദേഹം മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രി നടപടികൾക്ക് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.