വനിതാ പോലീസ് ഉദ്യോഗസ്ഥരെ മേലുദ്യോഗസ്ഥർ ലൈംഗീക ചൂഷണത്തിന് ഇരയാക്കുന്നതായി മുൻ ഡിജിപി ആർ ശ്രീലേഖ

തിരുവനന്തപുരം : വനിതാ പോലീസ് ഉദ്യോഗസ്ഥരെ മേലുദ്യോഗസ്ഥർ ലൈംഗീക ചൂഷണത്തിന് ഇരയാക്കുന്നതായി മുൻ ഡിജിപി ആർ ശ്രീലേഖ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ഇക്കാര്യം വെളിപ്പെടുത്തിയത്. തൊലിവെളുപ്പുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ പോലീസ് ക്ലബ്ബിലേക്ക് ഡിഐജി വിളിച്ച് വരുത്തിയ കാര്യം നേരിട്ട് അറിയാമെന്നും ശ്രീലേഖ വ്യക്തമാക്കി.

ഡിഐജി വന്നതിന് പിന്നാലെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. അവർ പേടിച്ച് തന്റെ അടുത്ത് വന്ന് പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചതായി പറഞ്ഞു. ഞാൻ ഉടൻ തന്നെ വനിതാ പോലീസ് ഉദ്യോഗസ്ഥ ഇന്ന് വരില്ലെന്നും തന്റെ കൂടിയാണെന്നും ഡിഐജിയെ വിളിച്ച് അറിയിച്ചു. കാര്യം മനസിലായ ഡിഐജി അന്ന് വനിതാ പോലീസിനെ വിളിച്ചില്ലെന്നും ശ്രീലേഖ പറഞ്ഞു.

അതേസമയം ഡിഐജി പോലീസ് ക്ലബിൽവെച്ച് നിരവധി തവണ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു. സർവീസിൽ കയറിയ ആദ്യ പത്ത് വർഷം ദുസ്സഹമായിരുന്നെന്നും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ചില പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ഫോണിലൂടെ അസഭ്യം പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ വെളിപ്പെടുത്തി.