ആറ് വർഷം മുൻപ് നെയ്യാറ്റിൻകരയിൽ ബിഡിഎസ് വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ആറ് വർഷം മുൻപ് നെയ്യാറ്റിൻകരയിൽ ബിഡിഎസ് വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദിയൻകുളങ്ങര സ്വദേശി ശരത് ചക്രവർത്തി (30) ആണ് അറസ്റ്റിലായത്. ശരത് ചക്രവർത്തി വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

2016 മെയ് 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഡിഎസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം പ്രതി വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പീഡനത്തിന് ശേഷം പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതായും പോലീസ് പറയുന്നു.

പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. പ്രതിഷേധങ്ങളും മറ്റും ശക്തമായതിനെ തുടർന്ന് നെയ്യാറ്റിൻകര പോലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്ന. അതേസമയം ആത്മഹത്യയ്ക്ക് മുൻപ് പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതി നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയിട്ടുള്ളതായി പോലീസ് പറയുന്നു.