പെൺസുഹൃത്തിനെ കാണാൻ കൊച്ചിയിലെത്തിയ യുവാവിന്റെ മൃദദേഹം അഴുകിയ നിലയിൽ കണ്ടെത്തി

എറണാകുളം : കൊച്ചിയിൽ നിന്നും കാണാതായ കണ്ണൂർ സ്വദേശിയുടെ മൃദദേഹം കൊച്ചി കോർപറേഷന്റെ പുതിയ ഓഫീസ് കെട്ടിടത്തിൽ നിന്നും കണ്ടെത്തി. കണ്ണൂർ ശിവപുരം സ്വദേശി അസ്ഹറുദീന്റെ മൃദദേഹമാണ് കണ്ടെത്തിയത്. കോട്ടയത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അസ്ഹറുദ്ധീൻ ഈ മാസം പത്തൊൻപതാം തീയതിയാണ് കൊച്ചിയിലെത്തിയത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനാണ് അസ്ഹറുദ്ധീൻ കൊച്ചിയിലെത്തിയത്. കൊച്ചിയിലെത്തിയ അസ്ഹറുദ്ധീൻ പെൺസുഹൃത്തുമായി മറൈൻഡ്രൈവിൽ വെച്ച് കാണുകയും സംസാരിച്ചിരിക്കുകയും ചെയ്തു ഇതിനിടയിൽ ശുചിമുറിയിൽ പോയി വരാമെന്ന് പറഞ്ഞ് രാത്രി ഏഴരയോടെ അസ്ഹറുദ്ധീൻ പോകുകയും തുടർന്ന് കാണാതാവുകയുമായിരുന്നു.

ശുചിമുറിയിൽ പോയ അസ്ഹറുദീനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ പെൺസുഹൃത്ത് മടങ്ങി പോകുകയും ചെയ്തു. അസ്ഹറുദീനെ കാണാനില്ലെന്ന് കാണിച്ച് കോട്ടയം പൊലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയിൽ അസ്ഹറുദ്ധീൻറെ മൃദദേഹം കണ്ടെത്തിയത്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന കൊച്ചി കോർപറേഷന്റെ കെട്ടിടത്തിലെ ലിഫ്റ്റ് റൂമിൽ നിന്നുമാണ് മൃദദേഹം കണ്ടെത്തിയത്. അബദ്ധത്തിൽ ലിഫ്റ്റ് മുറിയിയിലേക്ക് വീണ് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.

അസ്ഹറുദീന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയിൽ എത്തിയതായി വിവരം ലഭിച്ചത്. അസ്ഹറുദീന്റെ മൊബൈൽ പരിശോധിച്ചതിൽ നിന്നുമാണ് പെണ്സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃദദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി നടപടികൾക്ക് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.