മകളുമായി അടുപ്പം സ്ഥാപിച്ച യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു

കൊല്ലം : മകളുമായി അടുപ്പം സ്ഥാപിച്ച യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. ഉമ്മന്നൂർ സ്വദേശി അനന്ദു കൃഷ്ണൻ (24) നെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കൊട്ടാരക്കര സ്വദേശി ശശിധരനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് അനന്ദു കൃഷ്ണന് വെട്ടേറ്റത്.

അനന്ദു കൃഷ്ണന്റെ സഹോദരിയെ ശശിധരന്റെ വീടിന് സമീപത്താണ് വിവാഹം കഴിപ്പിച്ച് അയച്ചത്. സഹോദരിയുടെ വീട്ടിൽ ഇടയ്ക്ക് ഇടയ്ക്ക് എത്താറുള്ള അനന്ദു തൊട്ടടുത്തുള്ള ശശിധരന്റെ മകളുമായി അടുപ്പത്തിലാകുകയായിരുന്നു. മകളും അനന്ദുവും തമ്മിലുള്ള അടുപ്പം അറിഞ്ഞ ശശിധരൻ പോലീസിൽ പരാതി നൽകുകയും പോലീസ് ഇരുവരെയും വിളിപ്പിച്ച് താക്കീത് നൽകി നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ അനന്ദുവും പെൺകുട്ടിയും ബന്ധം തുടരുകയായിരുന്നു. അനന്ദു പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകിയിരുന്നു ഇത് വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. ഇതറിഞ്ഞതിന് പിന്നാലെയാണ് ശശിധരൻ അനന്ദുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രി അനന്ദുവിന്റെ വീടിന് സമീപത്ത് ഒളിച്ചിരുന്ന ശശിധരൻ അനന്ദു പുറത്തിറങ്ങിയപ്പോൾ വെട്ടുകയായിരുന്നു. കാലിന് വെട്ടേറ്റ അനന്ദുവിന്റെ നിലവിളികേട്ട് അയൽക്കാരും വീട്ടുകാരും ഓടിയെത്തി. ഇതിനിടയിൽ കത്തി ഉപേക്ഷിച്ച് ശശിധരൻ ഓടി രക്ഷപ്പെടുകയായിരുന്നു. കാലിന് പരിക്കേറ്റ അനന്ദുവിനെ ഉടൻ തന്നെ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയതിന് ശേഷം ഒളിവിൽ പോയ ശശിധരനെ പോലീസ് അന്വേഷിച്ച് വരികയാണ്.