സുനിലിനെ കുടുക്കാൻ 45000 രൂപയുടെ മയക്ക് മരുന്ന് വാങ്ങി ; കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇടുക്കി : കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്ക് മരുന്ന് കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ ശ്രമിച്ച യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി വണ്ടന്മേട് സ്വദേശിനിയും പഞ്ചായത്ത് അംഗവുമായ സൗമ്യ എബ്രഹാമാണ് ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് പിന്നാലെ അറസ്റ്റിലായത്. ഒരുവർഷം മുൻപ് പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് സൗമ്യ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗമ്യയുടെ ഭർത്താവ് അമ്പലമേട് സ്വദേശി സുനിലിന്റെ ഇരുചക്രവാഹനത്തിൽ മാരക മയക്ക് മരുന്നായ എംഡിഎംഎ ഒളിപ്പിച്ച് വച്ചതിന് ശേഷം സൗമ്യ തന്നെ പോലീസിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കാമുകന്റെ നിർദേശപ്രകാരമാണ് സൗമ്യ ഇത് ചെയ്തത്. തുടർന്ന് പോലീസ് സുനിലിന്റെ വാഹനം പരിശോധിച്ചതിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും സുനിലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ഡിവൈഎസ്പിക്കും,സിഐക്കും സംശയം തോന്നിയതിനെ തുടർന്ന് സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ സൗമ്യ കാമുകനൊപ്പം ചേർന്ന് സുനിലിനെ കുടുക്കാൻ നടത്തിയ കളിയാണെന്ന് പോലീസ് കണ്ടെത്തുകയും സൗമ്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സൗമ്യയ്ക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

വിദേശത്ത് ജോലി ചെയ്യുന്ന കാമുകൻ വിനോദ് മുഖാന്തിരമാണ് 45000 രൂപയ്ക്ക് സൗമ്യ യുവാക്കളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങിയത്. ഒരുമാസം മുൻപ് വിനോദും സൗമ്യയും എറണാകുളത്ത് ഹോട്ടലിൽ മുറിയടുത്ത് താമസിച്ചിരുന്നു. ഇതിനിടയിലാണ് സുനിലിനെ ഒഴിവാക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. നേരത്തെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്നാണ് വിനോദും,സൗമ്യയും ഹോട്ടലിൽ മുറിയെടുത്ത് പദ്ധതി തയാറാക്കിയത്.

വിനോദ് വിദേശത്തേക്ക് പോയതിന് പിന്നാലെയാണ് സൗമ്യ മയക്കുമരുന്ന് സുനിലിന്റെ വാഹനത്തിൽ ഒളിപ്പിച്ച്ചവെച്ചത്. ഈ ചിത്രം വാട്സാപ്പ് വഴി വിനോദിന് അയച്ച് കൊടുത്തിരുന്നതായും പോലീസ് കണ്ടെത്തി. മയക്കുമരുന്ന് പിടിച്ചതിനെ തുടർന്ന് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സംശയത്തിന്റെ പുറത്ത് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചിലരെ നിരീക്ഷിച്ചിരുന്നു. അക്കൂട്ടത്തിൽ സൗമ്യയെയും പോലീസ് നിരീക്ഷിച്ചിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് സൗമ്യയിൽ നിന്നും പോലീസ് മൊഴിയെടുത്തു. എന്നാൽ പരസ്‌പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് കള്ളകളി പുറത്തായത്.