കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു

ആലപ്പുഴ : കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു. ചുനക്കര സ്വദേശികളായ അലൻ തോമസ്, ജെൻസി ആൻ ജോസ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ചെങ്ങന്നൂർ കല്ലിശേരിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്.

തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യയായി ജോലി ചെയ്ത് വരികയായിരുന്നു മരിച്ച ജെൻസി ആൺ ജോസ്. കാറിനെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് എതിരെ വരികയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. അലൻ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ജെൻസിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹങ്ങൾ ചെങ്ങന്നൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.