വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പെൺകുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട : വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പെൺകുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രങ്ങൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് നഗ്ന്ന ചിത്രങ്ങളാക്കി മാറ്റിയ ശേഷമാണ് സംഘം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയത്.

സംഭവത്തിൽ എറണാകുളം സ്വദേശി അലക്സ് (23), പന്തളം സ്വദേശികളായ അജിത്ത് (21), പ്രണവ് കുമാർ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴിയാണ് അലക്സ് പെൺകുട്ടിയുമായി സഹൃദം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിക്ക് മറ്റൊരു സുഹൃത്തുമായുള്ള പിണക്കം മാറ്റാൻ സഹായിക്കാമെന്ന പേരിൽ പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ അലക്സ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

മോർഫ് ചെയ്ത നഗ്ന്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയിൽ ഭയന്ന പെൺകുട്ടി നിരവധി തവണകളായി പണവും, ആഭരണങ്ങളും പ്രതികൾക്ക് നൽകുകയായിരുന്നു. തുടർന്ന് ആഭരണങ്ങൾ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.