സ്‌കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂർ : സ്‌കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ ഡീൻ ഡോ. സുനിൽ കുമാറാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം സുഹൃത്തിന്റെ വീട്ടിൽ ഒഴിവിൽ കഴിഞ്ഞ് വരികയായിരുന്നു സുനിൽകുമാർ.

അതേസമയം പീഡന ആരോപണത്തെ തുടർന്ന് സുനിൽകുമാറിനെ സർവകലാശാല കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഓറിയന്റേഷൻ ക്ലാസ്സ് നടക്കുന്നതിനിടയിൽ താത്കാലിക അധ്യാപകനായ രാജ വാര്യർ ഒന്നാ വർഷ ബിരുദ വിദ്യാർത്ഥിനിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയിരുന്നു. ഇതിനെതിരെ പെൺകുട്ടി പരാതി നൽകി. ഈ സംഭവത്തിന് ശേഷം സുനിൽകുമാർ പെൺകുട്ടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ആദ്യമൊക്കെ നല്ല രീതിയിൽ പെരുമാറിയിരുന്ന സുനിൽകുമാർ രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് അശ്ലീല കാര്യങ്ങൾ സംസാരിക്കുകയായിരുന്നു.

വിദ്യാർത്ഥിനിയോട് പ്രണയമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച സുനിൽകുമാർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇയാൾ ശ്രമിച്ചതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. സുനിൽകുമാറിന്റെ പ്രവർത്തിമൂലം മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.