സമ്പന്നർക്ക് വാട്‌സാപ്പിലൂടെ മെസേജ് അയച്ച് സൗഹൃദം സ്ഥാപിക്കും, ആവിശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഭീഷണി ; ഡോക്ടറിൽ നിന്നും മൂന്ന് ലക്ഷം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവതികൾ അറസ്റ്റിൽ

തൃശൂർ : പീഡനകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിനി നിസ (21), മണ്ണൂത്തി സ്വദേശിനി നൗഫി (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ വിദേശത്ത് നിന്ന് ഇവരെ നിയന്ത്രിച്ചിരുന്ന യുവാവിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വാട്‌സാപ്പിലൂടെ മെസേജ് അയച്ച് സൗഹൃദം സ്ഥാപിച്ച് ഹണിട്രാപ്പിൽ കുടുക്കുന്നതാണ് സംഘത്തിന്റെ രീതി. ഇതിനായി ഡോക്ടറുടെ വാട്സാപ്പിലെക്ക് നിരവധി മെസേജുകൾ അയച്ചെങ്കിലും പരിചയമില്ലാത്ത നമ്പർ ആയതിനാൽ ഡോക്ടർ മറുപടി നൽകിയില്ല. മറുപടി ലഭിക്കാതെ ആയതോടെയാണ് ഭീഷണിപ്പെടുത്താൻ ആരംഭിച്ചത്. മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കിൽ പീഡനകേസിൽ പെടുത്തും എന്നായിരുന്നു ഭീഷണി. നിരവധി തവണ വിദേശത്ത് നിന്നുള്ള ഇന്റർനെറ്റ് കോളിലൂടെ യുവാവും ഭീഷണിപ്പെടുത്തി.

ഭീഷണി തുടർന്നതോടെ ഡോക്ടർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറുടെ വാട്സാപ്പ് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഹണിട്രാപ്പ് ആണ് ലക്ഷ്യമെന്ന് മനസിലാക്കിയ പോലീസ് ഡോക്ടർ ആണെന്ന വ്യാജേന യുവതികളോട് ചാറ്റ് ചെയ്യുകയും മൂന്ന് ലക്ഷം രൂപ നൽകാൻ തയാറാണെന്ന് പറയുകയുമായിരുന്നു. ബാംഗ്ലൂരിൽ നിന്നും ഒരു യുവതി എത്തി പണം കൈപറ്റുമെന്നായിരുന്നു മെസേജ്. തുടർന്ന് തൃശൂരിലെത്തിയ യുവതി ഡോക്ടറുടെ വാട്സാപ്പിൽ മെസേജ് അയക്കുകയും പോലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കായംകുളം സ്വദേശി നിസയാണ് പണം വാങ്ങാനെത്തി പോലീസ് പിടിയിലായത്.

നിസയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകും വഴി നിസയുടെ ഫോണിലേക്ക് നൗഫി വിളിക്കുകയും കിട്ടിയ പണവുമായി മുങ്ങരുതെന്നും പെട്ടെന്ന് തന്നെ കാണണമെന്നും പറഞ്ഞു. പോലീസ് നിർദേശപ്രകാരം നിസ നിൽക്കുന്ന സ്ഥലത്തെത്താൻ നൗഫിയോട് ആവശ്യപ്പെട്ടു. തന്റെ വിഹിതം വാങ്ങാനായി എത്തിയ നൗഫിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ വിദേശത്താണെന്ന് പോലീസ് കണ്ടെത്തി. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. അറിയപ്പെടുന്നതും സമ്പന്നരുമായ ആളുകളെയാണ് സംഘം ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണംതട്ടുന്നതെന്ന് പോലീസ് പറഞ്ഞു. പലരും നാണക്കേട് കൊണ്ട് പരാതി നല്കാറില്ലെന്നും പോലീസ് പറയുന്നു.