ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം : ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലോട് കുറുപുഴ സ്വദേശി ഷിജുവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സൗമ്യയാണ് അറസ്റ്റിലായത്. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപത്താണ് ഇരുവരും താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ സൗമ്യ ഉത്സവം കാണാൻ പോയിരുന്നു. രാത്രി പതിനൊന്ന് മണിയോടെ സൗമ്യ വീട്ടിൽ തിരിച്ചെത്തി. ഈ സമയത്ത് ഭർത്താവ് ഷിജു വീടിന് പുറകിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. ഫോൺ വിളിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഇതിനിടയിൽ ഭർത്താവിനെ കൊലപ്പെടുത്തുകയുമായിരുന്നു.

ഭർത്താവിനെ കൊലപ്പെടുത്തിയതിന് ശേഷം സൗമ്യ തന്നെയാണ് ഇക്കാര്യം അയൽക്കാരെ അറിയിച്ചത്. തുടർന്ന് ഷിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അതേസമയം സൗമ്യയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.